'വാക്സിനിൽ പിശക് സംഭവിച്ചു'- തുറന്ന് സമ്മതിച്ച് ആസ്ട്രസെനക്ക; കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

'വാക്സിനിൽ പിശക് സംഭവിച്ചു'- തുറന്ന് സമ്മതിച്ച് ആസ്ട്രസെനക്ക; കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. നവംബര്‍ ആദ്യമാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് മഹാമാരി അതിവേഗമാണ് പടര്‍ന്നുപിടിച്ചത്. 

പ്രതിരോധത്തിനായുള്ള ഫലപ്രദമായ വാക്‌സിന്‍ വരുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഇന്ത്യയിലടക്കം വിവിധ വാക്‌സിനുകള്‍ അതിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നിട്ടുണ്ട്. 

അതിനിടെ തങ്ങള്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ നിര്‍മാണത്തില്‍ പിശകുകള്‍ സംഭവിച്ചതായി ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും തുറന്നു സമ്മതിച്ചു. ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിക്കുന്ന വാക്‌സിനും ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിരുന്നു. നിര്‍മാണ പിശക് തുറന്ന് സമ്മതിച്ചതോടെ വാക്‌സിന്റെ പ്രാഥമിക ഫല പ്രാപ്തിയില്‍ ഇതോടെ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. 

രണ്ട് ഡോസ് നല്‍കിയ വോളണ്ടിയര്‍മാരേക്കാള്‍ കുറഞ്ഞ ഡോസ് നല്‍കിയവരില്‍ പ്രതിരോധ ശേഷി കൂടുതല്‍ കണ്ടതോടെയാണ് നിര്‍മണത്തിലെ തെറ്റുകള്‍ സംഭവിച്ചതായി സംശയമുയര്‍ന്നത്. വാക്‌സിന്‍ ഫല പ്രാപ്തിയിലേക്കെന്ന സൂചനകള്‍ നല്‍കിയ ശേഷമായിരുന്നു നിര്‍മാണ പിശക് ചൂണ്ടിക്കാട്ടിയുള്ള പ്രസ്താവന പുറത്തു വന്നത്. 

അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അതിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സോല സിവില്‍ ആശുപത്രിയിലാണ് മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. പരീക്ഷണത്തിനായി 500 ഡോസ് വാക്‌സിന്‍ ആശുപത്രി അധികൃതര്‍ വാങ്ങിയിട്ടുണ്ട്. ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരിലും പ്രായമായവരിലുമാണ് വാക്‌സിന്‍ പരീക്ഷണം. 

ചൈനയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിനോഫാം വിപണിയിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ്. വില്‍പ്പനയ്ക്കായി അനമതി തേടി കമ്പനി ചൈനീസ് അധികൃതരെ സമീപിച്ചു. ക്ലിനിക്കല്‍ പരീക്ഷണം നടത്തി വിജയിച്ചത് ചൂണ്ടിക്കാട്ടി കമ്പനി ലൈസന്‍സിന് അപേക്ഷ നല്‍കി അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com