400 പുലി നഖങ്ങള്‍, ആറ് കടുവ നഖങ്ങള്‍, കൂടാതെ വന്യമൃഗങ്ങളുടെ തോലും ; സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്
400 പുലി നഖങ്ങള്‍, ആറ് കടുവ നഖങ്ങള്‍, കൂടാതെ വന്യമൃഗങ്ങളുടെ തോലും ; സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

ബംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലു പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്ര സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പൊലീസിന്റെ പിടിയിലായത്. 

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍വെച്ച് സംഘം പിടിയിലായത്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. 

ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രാമീണരില്‍നിന്നും വേട്ടക്കാരില്‍നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് പൊലീസിന്റെ നിഗമനം.

വനത്തില്‍ ചാകുന്ന മൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന ഗ്രാമീണരില്‍ നിന്നാണ് സംഘം ഇവ വാങ്ങുന്നത്. പിന്നീട് ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുകയാണു പതിവ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ നഖങ്ങളും തോലുകളും ഇക്കൂട്ടത്തിലുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. 

രണ്ടാഴ്ചമുമ്പ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ പുലിനഖങ്ങളുമായി നഗരത്തില്‍ പിടിയിലായിരുന്നു. ഈ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആഭരണങ്ങളും അലങ്കാരവസ്തുക്കളും നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com