കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു; ആംബുലന്‍സ് തടഞ്ഞ് യുവതിയെ 'കടത്തിക്കൊണ്ടുപോയി'വീട്ടുകാര്‍, കേസ് 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച ഗര്‍ഭിണിയെ വഴിമധ്യേ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച ഗര്‍ഭിണിയെ വഴിമധ്യേ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി. മെഡിക്കല്‍ കോളജിലേക്ക് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് യുവതിയെയും കൊണ്ട് വീട്ടുകാര്‍ പോയത്. വിവിധ വകുപ്പുകള്‍ ചുമത്തി ഗര്‍ഭിണിയുടെ വീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രസവത്തിനായി പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പതിവായുളള പരിശോധനയുടെ ഭാഗമായി സാമ്പിള്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ആശുപത്രിയുടെ ആംബുലന്‍സില്‍ പോകുമ്പോഴാണ് ഗര്‍ഭിണിയുടെ വീട്ടുകാര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം ഗര്‍ഭിണിയെയും കൂട്ടി ബന്ധുക്കള്‍ പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി ഗര്‍ഭിണിയുടെ വീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com