പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നു; പ്രതീക്ഷിച്ച ഫലമില്ലെന്ന് ഐസിഎംആര്‍

പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നു; പ്രതീക്ഷിച്ച ഫലമില്ലെന്ന് ഐസിഎംആര്‍
പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നു; പ്രതീക്ഷിച്ച ഫലമില്ലെന്ന് ഐസിഎംആര്‍


ന്യൂഡല്‍ഹി: കോവിഡിനായുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആലോചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഐസിഎംആര്‍ ചൊവ്വാഴ്ച വ്യക്തമാക്കി. 

കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍ പറയുന്നു. ഫലപ്രദമല്ലെന്ന അനുമാനത്തില്‍ നിരവധി പഠനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗ ചൂണ്ടിക്കാട്ടുന്നു. റെംഡെസിവിര്‍, എച്ച്എസ്‌ക്യു എന്നിവയും കോവിഡ് 19 ചികിത്സയില്‍ പ്രതീക്ഷ ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകള്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ കോവിഡ് 19 നെതിരായി ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നതിന് തെളിവുണ്ട്- ബല്‍റാം ഭാര്‍ഗ പറഞ്ഞു.

കോവിഡ്  19 ബാധിച്ചവര്‍ രോഗമുക്തരായതിന് ശേഷവും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുളള മുന്‍കരുതല്‍ സ്വീകരിക്കണം. അഞ്ച് മാസത്തിനുളളില്‍ ആന്റിബോഡികള്‍ ദുര്‍ബലപ്പെട്ടാല്‍ വീണ്ടും രോഗ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com