'അവളെ ഒരു അധ്യാപികയായി കാണണം'- ​പരീക്ഷയെഴുതാൻ ​ഗർഭിണിയായ ഭാര്യയുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 1200 കി.മീറ്റർ;  താണ്ടിയത് നാല് സംസ്ഥാനങ്ങൾ

'അവളെ ഒരു അധ്യാപികയായി കാണണം'- ​പരീക്ഷയെഴുതാൻ ​ഗർഭിണിയായ ഭാര്യയുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 1200 കി.മീറ്റർ;  താണ്ടിയത് നാല് സംസ്ഥാനങ്ങൾ
'അവളെ ഒരു അധ്യാപികയായി കാണണം'- ​പരീക്ഷയെഴുതാൻ ​ഗർഭിണിയായ ഭാര്യയുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 1200 കി.മീറ്റർ;  താണ്ടിയത് നാല് സംസ്ഥാനങ്ങൾ

ഭോപ്പാൽ: ഗർഭിണിയായ ഭാര്യയെ ബൈക്കിന്റെ പിന്നിലിരുത്തി 1200 കിലോമീറ്റർ സഞ്ചരിച്ച് യുവാവിന്റെ സാഹസിക യാത്ര. ഭാര്യയ്ക്ക് അധ്യാപക യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാനായാണ് ദമ്പതിമാരായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമും (22) ഝാർഖണ്ഡിൽ നിന്ന് മധ്യപ്രദേശിലേക്ക് ബൈക്കിൽ സഞ്ചരിച്ചത്. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്ന് ഡിഎഡ് പരീക്ഷാ കേന്ദ്രമായ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കാണ് ഇരുവരും യാത്ര ചെയ്തത്.

ഭാര്യ ഒരു അധ്യാപികയായി കാണണമെന്ന ആഗ്രഹമാണ് നാല് സംസ്ഥാനങ്ങളിലൂടെ ഇത്രയും ദൂരം യാത്ര ചെയ്യാൻ ധനഞ്ജയ് കുമാറിനെ പ്രേരിപ്പിച്ചത്. കനത്ത മഴയോ, റോഡിലെ കുണ്ടും കുഴികളോ ഒന്നും ഗർഭിണിയായ ഭാര്യയെ പിന്നിലിരുത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ ധനഞ്ജയ് കുമാറിന് തടസമായില്ല. 

ട്രെയിൻ, ബസ്, മറ്റ് ഗതാഗത മാർഗങ്ങൾ എന്നിവ ലഭ്യമല്ലാത്തതിനാൽ സ്വന്തം ഇരുചക്ര വാഹനത്തിൽ റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ധനഞ്ജയ് കുമാർ പറഞ്ഞു. യാത്രയ്ക്കായി ടാക്‌സി വിളിച്ചെങ്കിലും 30,000 രൂപ ചെലവാകുമായിരുന്നുവെന്നും തങ്ങൾക്ക് അതൊരു വലിയ തുകയാണെന്നും ധനഞ്ജയ് പറഞ്ഞു.

ആഭരണം വിറ്റാണ് യാത്രയ്ക്ക് ആവശ്യമുള്ള 10,000 രൂപ ദമ്പതിമാർ സമാഹരിച്ചത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കും മുറി വാടകയ്ക്കുമായി 5000 രൂപ ചെലവായി. ഓഗസ്റ്റ് 28ന് ഝാർഖണ്ഡിൽ നിന്ന് യാത്ര ആരംഭിച്ച ദമ്പതിമാർ മുസാഫർപുർ (ബിഹാർ), ലഖ്‌നൗ (യുപി) എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം തങ്ങിയാണ് ഗ്വാളിയോറിലെത്തിയത്.

മഴയെത്തുടർന്ന് വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടുവെന്ന് സോണി പറഞ്ഞു. യാത്രക്കിടയിൽ പനി വന്നിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം ശരിയായി. അധ്യാപക ജോലിക്ക് അപേക്ഷിക്കുമെന്നും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

മധ്യപ്രദേശിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കായി ഓഗസ്റ്റ് 30 നാണ് ദമ്പതിമാർ ഗ്വാളിയോറിൽ എത്തിയത്. പരീക്ഷ സെപ്റ്റംബർ 11 വരെ തുടരും. ദമ്പതിമാരുടെ വീഡിയോയും മാധ്യമങ്ങളിൽ വന്ന വാർത്തയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ അവരെ സഹായിക്കാൻ ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com