ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ 2021 ആദ്യപാദത്തില്‍ വിപണിയിലെത്തുമെന്ന് ആരോഗ്യമന്ത്രി

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി
ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ 2021 ആദ്യപാദത്തില്‍ വിപണിയിലെത്തുമെന്ന് ആരോഗ്യമന്ത്രി


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അന്‍പത് ലക്ഷത്തിലേക്ക് കുതിക്കവെ, അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. എന്നാല്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.

ഇന്ത്യയില്‍ നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഏതാണ് ഏറ്റവും ഫലപ്രദമായി വരികയെന്ന് ഇപ്പോള്‍ പറയാനാവില്ല. 2021 തുടക്കത്തോടെ തീര്‍ച്ചയായും പരീക്ഷണങ്ങളുടെ ഫലങ്ങള്‍ അറിയാം. വാക്‌സിന്‍ വികസിപ്പിക്കുന്നത് നിരീക്ഷിക്കാനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയായി വിജയം കണ്ടാല്‍ വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും.വാക്‌സിന്റെ വില സംബന്ധിച്ച് നിലവില്‍ ഒന്നും പറയാനാവില്ല. എന്നാല്‍ വില നോക്കാതെ ആവശ്യക്കാര്‍ക്ക് വാക്‌സിന്‍ ഉറപ്പുവരുത്തും- ആരോഗ്യമന്ത്രി വിശദീകരിച്ചു

വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം. രോഗസാധ്യത കൂടുതലുള്ള, വാക്‌സിന്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്കാവും ആദ്യം മരുന്ന് ലഭ്യമാക്കുന്നത്. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com