കോവിഡ് വ്യാപനം : മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഉന്നതതലയോഗം വിളിച്ചു ; 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും

ഇന്ത്യയില്‍ ഇന്നലെ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് വാക്‌സിനേഷനായി ജനം കാത്തിരിക്കുന്നു / ചിത്രം : വിന്‍സെന്റ് പുളിക്കല്‍ ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
കോവിഡ് വാക്‌സിനേഷനായി ജനം കാത്തിരിക്കുന്നു / ചിത്രം : വിന്‍സെന്റ് പുളിക്കല്‍ ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് യോഗം വിളിച്ചത്. നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ഇന്നലെ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് 97,894 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്ക്. ഇതാണ് മറികടന്നത്. 

ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാമാണ്. ഈ എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 81.90 ശതമാനം രോഗികളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 57,074 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ഛത്തീസ് ഗഡില്‍ 5250, കര്‍ണാടകയില്‍ 4553 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 

നിലവില്‍ 7,41,830 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേരാണ് ചികില്‍സയിലുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, കേരള എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com