കൊണ്ടുവന്നത് ആംബുലന്‍സിലല്ല, ചികില്‍സിക്കാതെ മടക്കി അയച്ച് ആശുപത്രി അധികൃതര്‍; കോവിഡ് ബാധിച്ച പ്രൊഫസര്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചു

വെള്ളിയാഴ്ചയാണ് ഇന്ദ്രാണിക്ക് ശ്വാസതടസ്സം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്
പ്രൊഫസര്‍ ഇന്ദ്രാണി ബാനര്‍ജി / ഫെയ്സ്ബുക്ക്
പ്രൊഫസര്‍ ഇന്ദ്രാണി ബാനര്‍ജി / ഫെയ്സ്ബുക്ക്

അഹമ്മദാബാദ് : ആശുപത്രി ജീവനക്കാര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച സര്‍വകലാശാല പ്രൊഫസര്‍ മരിച്ചു. ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ഡീന്‍ ഇന്ദ്രാണി ബാനര്‍ജിയാണ് മരിച്ചത്. പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ആംബുലന്‍സില്‍ രോഗിയെ കൊണ്ടുവന്നില്ലെന്ന് ആരോപിച്ചാണ് പ്രൊഫസര്‍ക്ക് ചികില്‍സ നിഷേധിച്ചത്. 

വെള്ളിയാഴ്ചയാണ് ഇന്ദ്രാണിക്ക് ശ്വാസതടസ്സം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. പ്രൊഫസറുടെ ഓക്‌സിജന്‍ ലെവല്‍ 90-92 ശതമാനത്തിലേക്ക് താഴുന്നതായും കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ ഗാന്ധിനഗറിലെ ആശുപത്രിയില്‍ എത്തിച്ചു. 

എന്നാല്‍ ആശുപത്രിയില്‍ നിറയെ രോഗികളാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്ദ്രാണിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ബൈപാപ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും വെന്റിലേറ്ററും ലഭ്യമായിരുന്നില്ല. ഇന്ദ്രാണിക്ക് ഇത് അത്യാവശ്യമായതിനാല്‍ ഉടന്‍ ഈ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. 

തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ ഇന്ദ്രാണിയെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇഎംആര്‍ഐ 108 അംബുലന്‍സില്‍ അല്ല രോഗിയെ എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ചികില്‍സിച്ചില്ല. 

തുടര്‍ന്ന് പ്രൊഫസര്‍ ഇന്ദ്രാണിയെ ഗാന്ധിനഗറിലെ മറ്റൊരു ആശുപത്രിയിലാക്കി. ഇതിനിടെ അവരുടെ ഓക്‌സിജന്‍ ലെവല്‍ 60 ശതമാനത്തിലേക്കും താഴേക്ക് പോയിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ ബൈപാപ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com