പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; ബിജെപി യോഗത്തില്‍ രോഷാകുലനായി മോദി, സഭയെ അപമാനിക്കുന്നെന്ന് വിമര്‍ശനം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹളം വെച്ചും പേപ്പറുകള്‍ കീറിയെറിഞ്ഞും ആക്ഷേപ വാക്കുകള്‍ പ്രയോഗിച്ചും പ്രതിപക്ഷം പാര്‍ലമെന്റിനെയും ഭരണഘടനയെയും അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. 

ചില പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റത്തില്‍ പ്രധാനമന്ത്രി രോഷം പ്രകടിപ്പിക്കുകയും പേപ്പറുകള്‍ കീറിയെറിഞ്ഞ അവരുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതിപക്ഷ ബഹളത്തോട് ബിജെപി അംഗങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും ജോഷി പറഞ്ഞു. 

പെഗാസസ് വിവാദത്തില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ കീറിയെറിഞ്ഞിരുന്നു. പത്തു ദിവസത്തിനുള്ളില്‍ 12 ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയിന്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയും മോദി രോഷം പ്രകടിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 

ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ലമെന്ററി നടപടികളെയും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളെയും അപമാനിക്കുന്നതാണ് എന്ന് മോദി പറഞ്ഞതായി മുരളധീരന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന് സംവാദത്തിന്റെ അര്‍ത്ഥമറിയില്ലെന്നും അവര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും മോദി പറഞ്ഞു. 

കര്‍ഷക സമരം, കോവിഡ് പ്രതിസന്ധി, പെഗാസസ് വിഷയം എന്നിവ ഉയര്‍ത്തി പ്രതിപക്ഷം ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷവും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com