പെഗാസസില്‍ പ്രതിഷേധം;  തൃണമൂലിന്റെ ആറ് രാജ്യസഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപിമാരെ സസ്‌പെന്റ് ചെയ്തു
രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡ്/ പിടിഐ
രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡ്/ പിടിഐ


ന്യൂഡല്‍ഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപിമാരെ സസ്‌പെന്റ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിലാണ് നടപടി. 

ഡോല സെന്‍, എം ഡി നദീമുള്‍ ഹഖ്, അബിര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മോസം നൂര്‍ എന്നിവരെയാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തത്. 

സഭയുടെ നടപടി ക്രമത്തിന് വിരുദ്ധമായാണ് ആറ് എംപിമാരും പ്രവര്‍ത്തിച്ചതെന്നും 255 ചട്ടപ്രകാരം  ഇവരെ പുറത്താക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. 

പെഗാസസ്, കര്‍ഷക പ്രക്ഷോഭ വിഷയങ്ങളില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസ് ഇന്നും സഭാധ്യക്ഷന്‍ തള്ളി. പ്രതിഷേധത്തെ തുടര്‍ന്ന രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചിരുന്നു. 

പെഗാസസ് വിഷയമുയര്‍ത്തി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയം ചര്‍ച്ച ചെയ്യണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com