മരിച്ച കര്‍ഷകരുടെ കണക്ക് അറിയില്ല; നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല: കേന്ദ്രസര്‍ക്കാര്‍

750 കര്‍ഷകര്‍ സമരത്തിനിടെ മരിച്ചെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്
സമരത്തിനിടെ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കര്‍ഷകര്‍/ ട്വിറ്റര്‍
സമരത്തിനിടെ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കര്‍ഷകര്‍/ ട്വിറ്റര്‍


ന്യൂഡല്‍ഹി: പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന നടപടികളെക്കുറിച്ചുള്ള പ്രതിപക്ഷ ചോദ്യത്തിലാണ് കേന്ദ്രത്തിന്റെ ഉത്തരം. 750 കര്‍ഷകര്‍ സമരത്തിനിടെ മരിച്ചെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 

മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിആര്‍എസ് എംപിമാര്‍ ഇന്ന് ലോക്‌സഭയില്‍ പ്രതിഷേധം നടത്തിയിരുന്നു. 


രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം 

പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. സസ്‌പെന്റ് ചെയ്ത എംപിമാരെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ കോണ്‍ഗ്രസും കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ലോക്‌സഭയില്‍ ടിആര്‍എസും പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. രാജ്യസഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. എംപിമാരുടെ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം.

എന്നാല്‍, സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. സസ്പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന പ്രശ്നമേയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടപടികളുമായി സഹകരിച്ചു. ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല. എന്നാല്‍ തെലങ്കാനയില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരുന്നു ടിആര്‍എസ് എംപിമാരുടെ പ്രതിഷേധം. ടിആര്‍എസ് എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com