വിസ നല്‍കിയില്ല; കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്നു; പാകിസ്ഥാനി യുവാവ് പിടിയില്‍

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ അതിര്‍ത്തിവേലി ചാടി കടന്ന പാകിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ അതിര്‍ത്തിവേലി ചാടി കടന്ന പാകിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തു. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശിയായ 22കാരന്‍ മുഹമ്മദ് ആമിറാണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈയിലെ യുവതിയുടെ അടുത്തേക്കാണ് പോകാന്‍ ശ്രമിച്ചതെന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശനിയാഴ്ച ബിഎസ്എഫിന്റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലാകുന്നതെന്ന് ശ്രീ ഗംഗാനഗര്‍ എസ്പി ആനന്ദ് ശര്‍മ പറഞ്ഞു. ഒരു മൊബൈല്‍ ഫോണും കുറച്ച് പണവും യുവാവില്‍ നിന്ന് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്ന് എസ്പി അറിയിച്ചു.

ബഹവല്‍പുര്‍ ജില്ലയിലെ ഹസില്‍പുര്‍ തഹ്സിലിലുള്ള മുഹമ്മദ് ആമിര്‍ എന്നാണ് ഇയാള്‍ പൊലീസിനോട് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. യുവതിയുമായി ദീര്‍ഘനാളായി  ബന്ധം തുടരുന്നുണ്ട്.  പരസ്പരം നമ്പറുകള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇയാള്‍ പറയുന്നു.

മുംബൈയിലേക്ക് പോകുന്നതിന് ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ത്ഥന നിരസിച്ചതായി മുഹമ്മദ് ആമിര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ മുംബൈയിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അതിര്‍ത്തി ചാടി കടന്ന് മുംബൈയിലെത്താന്‍ താന്‍ ശ്രമിച്ചതെന്നും ആമിര്‍ മൊഴി നല്‍കി.

അതേ സമയം അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് ഇയാള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. താന്‍ നടക്കുമെന്നാണ് ആമിര്‍ മറുപടി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമീര്‍ താമസിക്കുന്ന ഹസില്‍പൂര്‍ തഹ്സില്‍. ഇവിടെ നിന്ന് എങ്ങനെയാണ് അതിര്‍ത്തിയിലെത്തിയതെന്ന് വ്യക്തമല്ല.

അതേ സമയം ആമിര്‍ പറഞ്ഞ മുംബൈയിലെ യുവതിയെ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രമേ ഇത്തരമൊരു നടപടികളിലേക്ക് കടക്കൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇയാള്‍ക്ക് മുംബൈയിലുള്ള കാമുകിയെ കാണാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ 22കാരനെ പാകിസ്ഥാന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുലപ്പെരിയാര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com