ഒമൈക്രോണ്‍: വിദേശത്ത് നിന്ന് എത്തിയ 109 പേരെ കാണാനില്ല, മഹാരാഷ്ട്രയില്‍ ജാഗ്രത

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കേ, അടുത്തിടെ വിദേശത്ത് നിന്ന് മഹാരാഷ്ട്രയില്‍ എത്തിയ 109 പേരെ കാണാനില്ലെന്ന് അധികൃതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കേ, അടുത്തിടെ വിദേശത്ത് നിന്ന് മഹാരാഷ്ട്രയില്‍ എത്തിയ 109 പേരെ കാണാനില്ലെന്ന് അധികൃതര്‍. സമീപകാലത്ത് 295 പേരാണ് വിദേശത്ത് നിന്ന് മഹാരാഷ്ട്രയിലെ കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എത്തിയത്. ഇതില്‍ 109 പേരെ കണ്ടെത്താനായിട്ടില്ലെന്ന് കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിനുള്ള നടപടികള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. അടുത്തിടെയായി നാട്ടിലെത്തിയവരെയും കണ്ടെത്തി സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തുന്ന നടപടിയും നടന്നുവരുന്നുണ്ട്. അതിനിടെയാണ് സമീപകാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയ 109 പേരെ കണ്ടെത്താനായിട്ടില്ലെന്ന് താനെ ജില്ലയിലെ കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്. ഇവര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫാണ്. ഇവര്‍ കൈമാറിയിരിക്കുന്ന മേല്‍വിലാസം അനുസരിച്ച് വീട്ടില്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ പൂട്ടിയിരിക്കുന്ന അവസ്ഥയാണെന്നും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍പ്പെട്ടവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com