നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, 300 മൈല്‍ നടത്തിച്ചു, രാത്രിയില്‍ ഉറങ്ങാന്‍ അനുവദിക്കില്ല, തീറ്റ നല്‍കുന്നത് വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍; 40 വയസുള്ള ആനയുടെ ദുരിതകഥ

മദ്യം കുടിപ്പിച്ചും നിര്‍ബന്ധിച്ച് കിലോമീറ്ററുകളോളം നടത്തിച്ചും ആനയെ പീഡിപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: മദ്യം കുടിപ്പിച്ചും നിര്‍ബന്ധിച്ച് കിലോമീറ്ററുകളോളം നടത്തിച്ചും ആനയെ തുടര്‍ച്ചയായി പീഡിപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്. ശരിയായ ഭക്ഷണം നല്‍കാതെ അവശ നിലയില്‍ കണ്ടെത്തിയ 40 വയസ് പ്രായം വരുന്ന ആനയെ ഝാര്‍ഖണ്ഡ് വനവകുപ്പ് രക്ഷിച്ചു. ആന നിയന്ത്രണത്തില്‍ വരാനും ഭിക്ഷയെടുപ്പിക്കാനുമാണ് ഉടമ നിര്‍ബന്ധിച്ച് മദ്യം നല്‍കിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഝാര്‍ഖണ്ഡില്‍ എമ്മ എന്ന ആനയാണ് വര്‍ഷങ്ങളോളം പീഡനം അനുഭവിച്ചത്. ആഗ്ര-മഥുര അതിര്‍ത്തിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ആനയെ മാറ്റാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ആനയെ കടത്തിയതാണെന്നും 300 മൈലുകള്‍ക്ക് അപ്പുറം നടത്തിച്ച് പീഡിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട പീഡനത്തെ തുടര്‍ന്ന് ആന അവശ നിലയിലാണ്. മുട്ടില്‍ വരുന്ന തേയ്മാനം അടക്കം ഗുരുതര രോഗങ്ങള്‍ പിടിപെട്ടതായും അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ശരിയായ ഭക്ഷണം നല്‍കാത്തതാണ് ഇതിന് കാരണം. പതിവായി ആനയെ ഉപയോഗിച്ച് ഉടമ ഭിക്ഷ യാചിച്ചതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

പണത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. രാത്രിയില്‍ ഉറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. മധുരപലഹാരങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളുമാണ് തീറ്റയായി നല്‍കിയത്. ഇത് ആനയുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു. കൂടാതെ മദ്യം നിര്‍ബന്ധിച്ച് കുടിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആനയുടെ ഉടമയുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.  ആല്‍ക്കഹോള്‍ ആനയുടെ ദേഹനപ്രക്രിയയെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com