കേക്കില്‍ മയക്കുമരുന്ന് കലര്‍ത്തി വില്‍പ്പന, വീട്ടില്‍ നിര്‍മ്മിച്ച പലഹാരങ്ങളില്‍ ചേര്‍ത്തത് ഹാഷിഷ്; മനശാസ്ത്രജ്ഞന്‍ പിടിയില്‍ 

മഹാരാഷ്ട്രയില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേക്ക് കടത്താനുള്ള ശ്രമം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരാജയപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേക്ക് കടത്താനുള്ള ശ്രമം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരാജയപ്പെടുത്തി. റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ കേക്കുകളില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതിന് പിന്നിലെ ബുദ്ധികേന്ദ്രമായ മനശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു.

ദക്ഷിണ മുംബൈയിലെ മസഗോണ്‍ പ്രദേശത്ത് വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ റെയ്ഡ് നടത്തി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നായ ഹാഷിഷ് അടങ്ങിയ 10 കിലോ ബ്രൗണി കേക്ക് പിടിച്ചെടുത്തു. റേവ് പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുന്ന കേക്കുകളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

മനശാസ്ത്രജ്ഞനാണ് ബേക്കറി കം ലാബ് നടത്തുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രിയിലാണ് 25 വയസുള്ള റഹ്മീന്‍ ചരണ്യ ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളജ് കാലഘട്ടം മുതല്‍ മയക്കുമരുന്ന് ബിസിനസുമായി റഹ്മീന്‍ ചരണ്യയ്ക്ക് ബന്ധമുള്ളതായി നര്‍ക്കോട്ടിക്‌സ് ബ്യൂറോ പറയുന്നു.

റെയ്ന്‍ ബോ കേക്ക് എന്ന പേരില്‍ വ്യത്യസ്ത കേക്കുകളാണ് ഇദ്ദേഹം വിതരണം ചെയ്തിരുന്നത്. ഹാഷിഷും കഞ്ചാവും ചരസും അടങ്ങിയ കേക്കുകളാണ് ഉണ്ടാക്കിയിരുന്നത്. ഇതിന് പുറമേ ബേക്കറിയില്‍ നിന്നും 350 ഗ്രാം  കറുപ്പും 1.7 ലക്ഷം രൂപയും പിടിച്ചെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.

ഡ്രഗ്‌സ് ട്രാഫിക്കിങ്ങ് പ്രമേയമായിട്ടുള്ള സീരിസുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കേക്ക് നിര്‍മ്മാണം ആരംഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മനശാസ്ത്രജ്ഞന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ചരണ്യ തന്നെയാണ് കേക്കുകള്‍ വിതരണം ചെയ്തിരുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഇയാള്‍ക്ക് നിരവധി ക്ലയിന്റുകള്‍ ഉള്ളതായും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com