യെഡിയൂരപ്പയുടെ പിന്‍ഗാമിയായി പ്രഹ്ലാദ് ജോഷി? കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍

കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ
പ്രഹ്ലാദ് ജോഷി യെഡിയൂരപ്പയ്‌ക്കൊപ്പം/ഫയല്‍
പ്രഹ്ലാദ് ജോഷി യെഡിയൂരപ്പയ്‌ക്കൊപ്പം/ഫയല്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിഎസ് യെഡിയുൂരപ്പയെ മാറ്റുമെന്ന സൂചനകള്‍ ശക്തമായതോടെ പിന്‍ഗാമി ആരെന്നതിനെച്ചൊല്ലി ചര്‍ച്ചകള്‍ സജീവം. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി യെഡിയൂരപ്പയുടെ പിന്‍ഗാമിയാവുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇതു ശക്തമായി നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ മുഖ്യമന്ത്രിയില്‍നിന്നു തന്നെ പുറത്തുവന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയെയും കണ്ടിരുന്നു.

യെഡിയൂരപ്പയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് തനിക്ക് അറിവൊന്നുമില്ലെന്നാണ് പ്രഹ്ലാദ് ജോഷി ഇന്നു പ്രതികരിച്ചത്. തന്നോട് നേതൃത്വം ഇക്കാര്യം സംസാരിച്ചിട്ടില്ല. ചര്‍ച്ചയെല്ലാം നടക്കുന്നത് മാധ്യമങ്ങളിലാണ്. അതില്‍ പ്രതികരിക്കാനില്ലെന്നും ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെഡി നഡ്ഢയും ചേര്‍ന്നാണ് നേതൃമാറ്റക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. 

2004 മുതല്‍ ധര്‍വാഡില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രഹ്ലാദ് ജോഷി നിലവില്‍ കേന്ദ്ര കല്‍ക്കരി മന്ത്രിയാണ്. 2012 ജൂലൈ മുതല്‍ 2016 ജനുവരി വരെ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com