ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് രാവിലെ 11 മണിക്ക്  

കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്
ബസവരാജ് ബൊമ്മെയും ബി എസ് യെഡിയൂരപ്പയും മാധ്യമങ്ങളെ കാണുന്നു/ എക്സ്പ്രസ് ഫോട്ടോ
ബസവരാജ് ബൊമ്മെയും ബി എസ് യെഡിയൂരപ്പയും മാധ്യമങ്ങളെ കാണുന്നു/ എക്സ്പ്രസ് ഫോട്ടോ

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്.  നിലവിൽ  ബി എസ് യെഡിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയാണ്. 

ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയായി ബസവരാജിനെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നേതൃത്വം നൽകിയത്. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിൻറെ പേര് യെഡിയൂരപ്പ തന്നെയാണ് നി‍ർദേശിച്ചത്. യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും ഈ പേര് അം​ഗീകരിക്കുകയായിരുന്നു. മുഴുവൻ എംഎൽഎമാരും തീരുമാനം അം​ഗീകരിച്ചതോടെ എതിർപ്പില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കാനായി. 

മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എസ് ആർ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ജനതാദളിൽ നിന്നും ബസവ ബിജെപിയിലെത്തിയത്. ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ യെഡിയൂരപ്പയുടെ വിശ്വസ്തനുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com