'ഹെലികോപ്ടര്‍, ഒരു കോടി രൂപ, മൂന്നു നില വീട്, ചന്ദ്രനിലേക്ക് യാത്ര' ; അതിശയ വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥി

വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വാഗ്ദാനങ്ങളുടെ പട്ടിക അവതരിപ്പിച്ചതെന്ന് തുലാം ശരവണന്‍ പറയുന്നു
'ഹെലികോപ്ടര്‍, ഒരു കോടി രൂപ, മൂന്നു നില വീട്, ചന്ദ്രനിലേക്ക് യാത്ര' ; അതിശയ വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥി

ചെന്നൈ: മിനി ഹെലികോപ്ടര്‍, ഒരു വീട്ടിലേക്ക് ഒരു കോടി രൂപ, മൂന്ന് നില വീട് , ചന്ദ്രനിലേക്ക് യാത്ര, സൗജന്യ ഐഫോണ്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ റോബോട്ട്, ഓരോ കുടുംബത്തിനും ഒരു ബോട്ട്... അതിശയിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥി. മധുര സൗത്തില്‍ നിന്ന് മത്സരിക്കുന്ന തുലാം ശരവണ്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടനപത്രികയിലാണ് ഈ വാഗ്ദാനങ്ങള്‍.

ഓരോ വീട്ടിലേക്കും പ്രതിവര്‍ഷം ഒരു കോടി രൂപ നല്‍കും, കല്യാണത്തിന് വേണ്ട എല്ലാ ആഭരണങ്ങളും നല്‍കും, കുടുംബത്തിന് ബോട്ട് സവാരി ചെയ്യുന്നതിനുള്ള ജലപാതകള്‍, തന്റെ മണ്ഡലം തണുപ്പിക്കാന്‍ 300 അടി ഉയരമുള്ള കൃത്രിമ മഞ്ഞുപര്‍വതം, ബഹിരാകാശ ഗവേഷണ കേന്ദ്രം തുടങ്ങിയവയെല്ലാം വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 

വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വാഗ്ദാനങ്ങളുടെ പട്ടിക അവതരിപ്പിച്ചതെന്ന് തുലാം ശരവണന്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യങ്ങളില്‍ വീഴുന്ന ആളുകളില്‍ അവബോധം വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശരവണ്‍ പറയുന്നത്.   

അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ ജോലി നല്‍കാനോ, കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനോ, ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കാനോ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പണം വാരിയെറിഞ്ഞ് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അവര്‍ രാഷ്ട്രീയം മലിനമാക്കി അതിനെ സമ്പന്നരുടെ സംരക്ഷണമാക്കി മാറ്റിയെന്നും ശരവണ്‍ പറയുന്നു. 

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ പ്രമുഖപാര്‍ട്ടികളെല്ലാം വോട്ടര്‍മാര്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഭരണ കക്ഷിയായ എഐഎഡിഎംകെ   സൗജന്യ വാഷിങ് മെഷീന്‍, വീട്ടമ്മമാര്‍ക്ക് മാസംതോറും 1500 രൂപ, എല്ലാ കുടുംബത്തിനും സൗജന്യമായി ആറ് പാചകവാതക സിലിണ്ടറുകള്‍, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങിയവയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപയുടെ കുറവ്, വിദ്യാര്‍ത്ഥികളുടെ വായ്പ എഴുതി തള്ളും, ഇന്റര്‍നെറ്റോട് കൂടിയ സൗജന്യ ടാബ് തുടങ്ങിയവയാണ് ഡിഎംകെയുടെ വാഗ്ദാനങ്ങള്‍. വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കും തുടങ്ങിയവയാണ് കമല്‍ഹാസന്റെ പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com