അരുണാചലിൽ 100 വീടുള്ള ​ചൈനീസ് ​ഗ്രാമം; കൈയേറ്റം ശരിവച്ച് അമേരിക്കയുടെ റിപ്പോർട്ട്

അരുണാചലിൽ 100 വീടുള്ള ​ചൈനീസ് ​ഗ്രാമം; കൈയേറ്റം ശരിവച്ച് അമേരിക്കയുടെ റിപ്പോർട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി അമേരിക്ക. അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന 100 വീടുകൾ അടങ്ങുന്ന ഗ്രാമം നിർമിച്ചതായി യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ വിവരവും റിപ്പോർട്ടിലുണ്ട്. 

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘർഷ സമയത്ത് സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ചൈന അതിർത്തിയിൽ ഗ്രാമങ്ങൾ നിർമിക്കുന്നതെന്ന് ഈസ്‌റ്റേൺ ആർമി കമാൻഡ് ചീഫ് ലഫ്. ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു

പിന്നാലെയാണ് അമേരിക്കൻ വെളിപ്പെടുത്തൽ. ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

അരുണാചൽ പ്രദേശിൽ ചൈന 101 ഓളം വീടുകളടങ്ങിയ ‘പുതിയ ഗ്രാമം’ നിർമിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. 

2020ൽ ആകാം ചൈന യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകൾ നിർമിച്ചതെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. മേഖലയിൽ വർഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്. 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു. അതിർത്തികളിൽ റോഡുകളും പാലങ്ങളും നിർമിക്കുന്നത് കേന്ദ്ര സർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.  

2020 നവംബറിൽ അരുണാചലിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ അപ്പർ സുബാൻസിരിയിലെ ചൈനീസ് നിർമാണങ്ങളെക്കുറിച്ച് ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. ജില്ലയിൽ 60-70 കിലോമീറ്റർ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com