'രാവിലെ സ്ത്രീയെ പൂജിക്കും രാത്രി പീഡിപ്പിക്കും; ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്ന്'; അമേരിക്കയില്‍ പോയി രാജ്യത്തെ അപമാനിച്ചെന്ന് ബിജെപി, സ്റ്റാന്റ് അപ് കൊമേഡിയന് എതിരെ കേസ്

അമേരിക്കയില്‍ നടത്തിയ സ്റ്റാന്റ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിന് എതിരെ കേസ്
വീഡിയോ സ്‌ക്രീന്‍ഷോട്ട് 
വീഡിയോ സ്‌ക്രീന്‍ഷോട്ട് 

മേരിക്കയില്‍ നടത്തിയ സ്റ്റാന്റ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിന് എതിരെ കേസ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ്
ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിച്ച് വീര്‍ ദാസ്  സംസാരിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബ്‌ ചാനലില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്. 

പെട്രോള്‍ വില വര്‍ധനവ്, പിഎം കെയറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി,മത പ്രശ്‌നങ്ങള്‍, കോവിഡ്, കര്‍ഷക സമരം, കൊമേഡിയന്‍മാര്‍ക്ക് എതിരെ എടുക്കുന്ന കേസുകള്‍ ഉള്‍പ്പെടെ വീര്‍ ദാസ് തന്റെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്റ് കോമഡിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ലീഗല്‍ അഡ്‌വൈസറായ അശുതോഷ് ദുബൈ പരാതി നല്‍കിയത്. 

സാമൂഹ്യ മാധ്യമങ്ങളിലൂടെയും വീര്‍ ദാസിന് എതിരെ സംഘപരിവാര്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. അതേസമയം, വീര്‍ ദാസിന് പിന്തുണ പ്രഖ്യാപിച്ച് ശശി തരൂര്‍, കബില്‍ സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. നടന്‍ ഫഹദ് ഫാസിലും വീര്‍ ദാസിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതിന് പിന്നാലെ, പരിപാടിയെക്കുറിച്ച് വിശദീകരണവുമായി വീര്‍ ദാസ് രംഗത്തുവന്നു. 
തന്റെ ഉദ്ദേശം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള്‍ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഫോക്കസ് മാറി പോകരുതെന്നും വീര്‍ ദാസ് കുറിച്ചു. രാജ്യസ്നേഹത്തില്‍ കുതിര്‍ന്ന കൈയ്യടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളില്‍ പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയ്യടികള്‍ കിട്ടിയത്. ചില വീഡിയോകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാന്‍ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വീര്‍ ദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com