ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി അടുത്തബന്ധം; 11വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ള പ്രതികളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ആര്യന്‍ ഖാന് വേണ്ടി അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെയാണ് ഹാജരായത്.

ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുണ്ടെന്നും രാജ്യാന്തര ലഹരിബന്ധം സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായും ലഹരിമരുന്നുകള്‍ വന്‍തോതില്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയെന്നും എന്‍സിബി കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നും എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്‍ഖാന് അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്ന കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നുവെന്നും എന്‍സിബി കോടതിയെ അറിയിച്ചു. 

ആഡംബരക്കപ്പലില്‍ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവ് ഇല്ലെന്നും ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെ കോടതിയെ അറിയിച്ചു. കേസില്‍ രണ്ടുമണിക്കൂറിലധികമായി കോടതിയില്‍ വാദം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com