നീറ്റ് പരീക്ഷയിലെ മാറ്റം അടുത്ത വര്‍ഷം മുതല്‍; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നീറ്റ് പരീക്ഷയിലെ മാറ്റം അടുത്ത വര്‍ഷം മുതല്‍; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷാ രീതിയില്‍ അടുത്ത അധ്യയന വര്‍ഷം മുതലാണ് മാറ്റം വരുത്തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ വര്‍ഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് മാറ്റമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാടു രേഖപ്പെടുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി.

പരീക്ഷാ രീതിയില്‍ വരുത്തുന്ന മാറ്റത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന്, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. 

മെഡിക്കല്‍ പ്രൊഫഷനും വിദ്യാഭ്യാസവും ബിസിനസ് ആയി മാറിയിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. പുതിയ മാറ്റത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ നിയന്ത്രണവും കച്ചവടമാവുകയാണ്. ഇതു രാജ്യത്തിന്റെ ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണോ അവസാന നിമിഷം മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് കോടതി ആരാഞ്ഞു.

ജൂലൈ 23നാണ് നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷയ്ക്കു വിജ്ഞാപനംഇറക്കിയത്. നവംബര്‍ 13നും 14ലും ആയി പരീക്ഷ നടക്കാനിരിക്കെ സിലബസ് മാറ്റുന്നതു ചോദ്യം ചെയ്ത് 41 പിജി ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com