സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ചിട്ടേയില്ല: സഞ്ജയ് റാവത്ത് 

ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്
സഞ്ജയ് റാവത്ത് /ഫയല്‍
സഞ്ജയ് റാവത്ത് /ഫയല്‍

മുംബൈ: ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്, റാവത്തിന്റെ പ്രതികരണം.

സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാര്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.

സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാം. അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ല. സവര്‍ക്കാര്‍ ബ്രിട്ടിഷുകാരോട് മാപ്പപേക്ഷിച്ചിട്ടേയില്ല- റാവത്ത് പറഞ്ഞു.

മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള നേതാവ് സഞ്ജയ് റാവത്ത്. തന്റെ പാര്‍ട്ടിയുടെ ആദര്‍ശ പുരുഷനാണ് സവര്‍ക്കര്‍ എന്നും റാവത്ത് പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com