ഷാക്കിറിന് പൂര്‍ണ ബഹുമതികളോടെ സൈന്യം വിടനല്‍കിയപ്പോള്‍/ട്വിറ്റര്‍
ഷാക്കിറിന് പൂര്‍ണ ബഹുമതികളോടെ സൈന്യം വിടനല്‍കിയപ്പോള്‍/ട്വിറ്റര്‍

ഇതാ എന്റെ മകന്‍, ധീരനായ രാജ്യസ്‌നേഹി; നെഞ്ചിലെ ഭാരമില്ലാതെ വേദനയോടെ മന്‍സൂര്‍ പറഞ്ഞു 

ഇതാ എന്റെ മകന്‍, ധീരനായ രാജ്യസ്‌നേഹി; നെഞ്ചിലെ ഭാരമില്ലാതെ വേദനയോടെ മന്‍സൂര്‍ പറഞ്ഞു 

ശ്രീനഗര്‍: നെഞ്ചുനീറിയ നീണ്ട പതിമൂന്നു മാസത്തിനൊടുവില്‍ തലയുയര്‍ത്തി നിന്ന് മന്‍സൂര്‍ അഹമ്മദ് വഗെയ് പറഞ്ഞു, എന്റെ മകന്‍ ഭീകരവാദിയല്ല, ഒരാള്‍ക്കും ഇനി ചോദ്യം ചെയ്യാനാവില്ല അവന്റെ രാജ്യസ്‌നേഹം.  

ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാണാതായതാണ്, ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ. പിന്നാലെ പലപല അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ജന്മനാടിനെ അത്രമേല്‍ സ്‌നേഹിക്കുന്ന പിതാവിനെ ഏറ്റവും വേദനിപ്പിച്ചത് ഷക്കീര്‍ ഭീകര്‍ക്കൊപ്പം ചേര്‍ന്നെന്ന പ്രചാരണമായിരുന്നു. 

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷക്കീറിനെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്!വരയിലുടനീളം തിരച്ചില്‍ നടത്തി. ഒന്നും കണ്ടെത്താനായില്ല. 

രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്ന വ്യാജപ്രചാരണം മന്‍സൂറിനെ അത്രമേല്‍ തളര്‍ത്തി. പക്ഷേ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു ആ പിതാവ്. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോള്‍ ഷക്കീര്‍ പാകിസ്ഥാനില്‍ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെയാണ് പൊലീസുകാര്‍ തന്നെ പ്രതികരിച്ചത്. 

അഹമ്മദ് തളര്‍ന്നില്ല, അതൊന്നും വിശ്വസിച്ചുമില്ല. മകനായുള്ള അന്വേഷണം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു

കഴിഞ്ഞ ദിവസം ഷക്കീറിന്റെ അഴുകിയ മൃതദേഹം കുല്‍ഗാമില്‍ നിന്ന് കണ്ടെടുത്തു. കയ്യിലെ ബ്രേസ്‌ലെറ്റില്‍ നിന്ന് മകനെ അഹമ്മദ് തിരിച്ചറിഞ്ഞു.  ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങള്‍ അഹമ്മദ് തിരികെ എത്തിച്ചു. ഒടുവില്‍ പൂര്‍ണ ബഹുമതികളോടെ ഷക്കീറിന് സൈന്യം വിട നല്‍കി. ഇനി പറയില്ല, പറയാനാവില്ല, ഒരാള്‍ക്കും, ഷക്കീര്‍ ഭീകരനായിരുന്നെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com