കോവാക്സിൻ വേണ്ടെന്ന് ബ്രസീൽ, ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചു; വിശദീകരണവുമായി ഭാരത് ബയോടെക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 07:10 AM |
Last Updated: 01st April 2021 07:10 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡൽഹി; ഇന്ത്യ ആഭ്യന്തരമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സീന്റെ ഇറക്കുമതി നിർത്തിവച്ച് ബ്രസീൽ. ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ബ്രസീൽ സർക്കാർ നിർമാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചു. വാക്സീൻ നിർമിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇറക്കുമതി വേണ്ടെന്നുവച്ചതെന്നാണ് ബ്രസീലിന്റെ വിശദീകരണം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ അനുമതി നിഷേധിച്ചതിന് പിന്നാലെ വിശദീകരണവുമായി ഭാരത് ബയോടെക്ക് രംഗത്തെത്തി. പരിശോധന സമയത്ത് ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ബ്രസീലുമായി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് ദേശീയ മാധ്യമത്തെ അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി ചേർന്ന് ഭാരത് ബയോടെക് നിർമിച്ച കോവാക്സീൻ അടിയന്തര ഉപയോഗത്തിനായി ജനുവരിയിലാണ് അനുമതി നൽകിയത്. ക്ലിനിക്കൽ ട്രയൽ രീതിയിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരുന്നത്. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ വാക്സീന്റെ ഇടക്കാല ഫലപ്രാപ്തി 81 ശതമാനമാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ഇത് ക്ലിനിക്കൽ ട്രയൽ രീതിയിൽനിന്നു മാറ്റിയിരുന്നു. വൈറസിന്റെ യുകെ വകഭദത്തിനെതിരെയും വാക്സീൻ ഫലപ്രദമാണെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്. ഇറാൻ, നേപ്പാൾ, മൗറീഷ്യസ്, പരാഗ്വേ, സിംബാവേ തുടങ്ങിയ രാജ്യങ്ങൾ അടിയന്താരവശ്യത്തിന് വാക്സീൻ വാങ്ങിയിട്ടുണ്ട്. 40ഓളം രാജ്യങ്ങൾ വാക്സീൻ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു.