രാജ്യം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക് ? : പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 08:14 AM |
Last Updated: 08th April 2021 08:14 AM | A+A A- |

പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ചയാകും.
വാക്‌സിന്‍ വിതരണം, രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട കര്‍ശന നിയന്ത്രണങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധ ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത് പരിഗണിച്ച് രാജ്യത്ത് ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ വേണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് 17 ന് ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും ഉയരുന്നതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രോഗവ്യാപനം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് മോദി ആവശ്യപ്പെട്ടിരുന്നു. പരിശോധനകള്‍ കൂട്ടാനും, വാക്‌സിനേഷന്‍ വിപുലപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, കര്‍ണാടക തുടങ്ങി 11 സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികള്‍ അതിരൂക്ഷമായിട്ടുള്ളത്.