'ക്ഷമിക്കണം, എനിക്കറിയില്ലായിരുന്നു'- മോഷ്ടിച്ച ബാ​ഗിൽ കോവിഡ് വാക്സിൻ; തിരിച്ചേൽപ്പിച്ച് കള്ളൻ!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2021 10:02 AM  |  

Last Updated: 23rd April 2021 10:02 AM  |   A+A-   |  

Thief In Haryana returns #CovidVaccine

ക്ഷമ പറഞ്ഞ് കള്ളൻ എഴുതിവച്ച കത്ത്/ ട്വിറ്റർ

 

ചണ്ഡീഗഢ്: മോഷ്ടിച്ച ബാഗിൽ കോവിഡ് വാക്‌സിനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് തിരിച്ചേൽപ്പിച്ച് കള്ളൻ! സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ഒപ്പം വെച്ചാണ് അജ്ഞാതനായ കള്ളൻ മടങ്ങിയത്. 

ഹരിയാനയിലെ ജിന്ദിലാണ് സംഭവം. കോവിഷീൽഡ്, കോവാക്‌സിൻ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്.

1,700 ഡോസ് കോവിഡ് വാക്‌സിൻ അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ കള്ളൻ പിന്നീട് ഈ ബാഗ് തിരിച്ചേൽപിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷന് പുറത്തുള്ള ഒരു ചായക്കടയിലാണ് ഈ ബാഗ് മോഷ്ടാവ് തിരിച്ചേൽപിച്ചത്.  

ബാഗ് തിരിച്ച് നൽകിയതിനൊപ്പം ബാഗിനകത്ത് എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്ന് വ്യക്തമാക്കികൊണ്ട് കത്തും ഒപ്പം നൽകിയിരുന്നു. കത്തിൽ, തന്റെ പ്രവൃത്തിയിൽ ക്ഷമ പറയുന്നുമുണ്ട് കള്ളൻ. 'ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നാണെന്ന് എനിക്കറിയില്ലായിരുന്നു,' -എന്നാണ് ഹിന്ദിയിൽ കത്തിൽ എഴുതിയിരുന്നത്.

പൊലീസിനായി ഭക്ഷണം എത്തിക്കുന്നയാളാണെന്നും പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാലാണ് ബാഗ് കടയിൽ ഏൽപിക്കുന്നതെന്നുമാണ് മോഷ്ടാവ് കടയിലുള്ളവരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഇയാളെ തിരയുന്നതായി പൊലീസ് അറിയിച്ചു. ജിന്ദ് ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്ന് വാക്‌സിൻ മോഷ്ടിച്ചതിന് പൊലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തു.