ന്യൂഡല്‍ഹി: 60വയസിന് മുകളില്‍ പ്രായമുള്ളവരെ കരുതല്‍ ഡോസ് എടുക്കാന്‍ ഓര്‍മ്മിപ്പിച്ച് എസ്എംഎസ് അറിയിപ്പ് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനുവരി പത്തുമുതലാണ് കരുതല്‍ ഡോസ് കൊടുത്തു തുടങ്ങുക. രണ്ടാമത്തെ ഡോസ് എടുത്ത് 39 ആഴ്ച കഴിഞ്ഞ് അര്‍ഹരായ ആളുകളെയാണ് ഇത്തരത്തില്‍ അറിയിക്കുക. കരുതല്‍ ഡോസ് എടുത്തത് കൊണ്ട് രോഗം വരില്ല എന്നില്ല. രോഗത്തിന്റെ രൂക്ഷത കുറയ്ക്കാനും ആശുപത്രിവാസം ഒഴിവാക്കാനും കരുതല്‍ ഡോസ് സഹായകമാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് രോഗികള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. വാക്‌സിനേഷന് ശേഷവും മാസ്‌ക് ധരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. മുന്‍പ് പുറത്തിറക്കിയ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. രോഗം വന്നാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി ഹോം ക്വാറന്റൈനില്‍ കഴിയുക എന്നത് തന്നെയാണ് പ്രധാനമെന്നും ബല്‍റാം ഭാര്‍ഗ അറിയിച്ചു.
രാജ്യത്തെ 90 ശതമാനം ആളുകളും ഒന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ രാജ്യത്ത് 961 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 320 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ രാജ്യത്തെ എട്ടു ജില്ലകളില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. മിസോറാമിലെ ആറു ജില്ലകളിലും അരുണാചല്‍ പ്രദേശിലെയും ബംഗാളിലെയും ഓരോ ജില്ലയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ബംഗാളിലെ കൊല്‍ക്കത്തയിലാണ് പത്തുശതമാനത്തിന് മുകളില്‍ ടിപിആര്‍. അഞ്ചിനും പത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള 14 ജില്ലകള്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക