രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും കേരളത്തില്‍, ഇന്നലെ 8,635പേര്‍ക്ക് കോവിഡ്; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40 ലക്ഷമായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 10:16 AM  |  

Last Updated: 02nd February 2021 10:16 AM  |   A+A-   |  

covid testing

കോവിഡ് പരിശോധന / ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗബാധിതരില്‍ പകുതിയും കേരളത്തില്‍ നിന്നുള്ളവരാണ്. ഇന്നലെ കേരളത്തില്‍ 3459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 10.30 ശതമാനം. 

ഇന്നലെ മാത്രം രാജ്യത്ത് 94പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,486 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 13,423 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,04,48,406 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 1,63,353 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 40ലക്ഷത്തോളം പേര്‍ രാജ്യത്ത് വാക്‌സിന്‍ എടുത്തതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.