'അവസാനം അവനില്‍ നിന്ന് മോചനം കിട്ടി'; 17കാരനെ അമ്മ കൊലപ്പെടുത്തി, ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 02:33 PM  |  

Last Updated: 08th February 2021 02:33 PM  |   A+A-   |  

MURDER CASE

ഫയല്‍ ചിത്രം

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമ്മ മകനെ കൊലപ്പെടുത്തി. കഞ്ചാവിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് 17വയസുകാരനെ 43കാരി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

വിജയവാഡ ഗുണ്ടൂര്‍ നഗരത്തിലാണ് സംഭവം. വലെപു സിദ്ധാര്‍ത്ഥയെയാണ് അമ്മ സുമലത കൊലപ്പെടുത്തിയത്. കഞ്ചാവിന് അടിമയാണ് സിദ്ധാര്‍ത്ഥ. സുമലതയെ സ്ഥിരമായി മകന്‍ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

ഗുണ്ടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കരാര്‍ ജീവനക്കാരിയാണ് സുമലത. വാടക വീട്ടിലാണ് മകനൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സുമലതയാണ് വീടിന്റെ ഏക വരുമാനമാര്‍ഗം.സ്‌കൂള്‍ പഠനം ഉപേക്ഷിച്ച മകന്‍ കഞ്ചാവിന് അടിമയാണ്.പണത്തിന് വേണ്ടി അമ്മയുമായി വഴക്കിടുന്നത് പതിവാണ്. ശനിയാഴ്ച സമാനമായ രീതിയിലുള്ള വഴക്കിനിടെയാണ് പ്രകോപനം ഉണ്ടായത്. 

വീട്ടില്‍ നിന്ന് ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുമലത വീട്ടില്‍  നിന്ന് ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. അവസാനം അവനില്‍ നിന്ന് മോചനം കിട്ടി എന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ടാണ് സുമലത നടന്നുനീങ്ങിയത്. പന്തിക്കേട് തോന്നി വീട്ടിനകത്ത് നോക്കിയ നാട്ടുകാര്‍ മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുമലതയ്ക്ക് എതിരെ കൊലപാതകകുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.