കുത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി, കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; പൊളിച്ച് പൊലീസ്, തെളിയിച്ചത് ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 10:30 AM |
Last Updated: 05th January 2021 10:30 AM | A+A A- |
പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തില്‍ കടക്കെണിയിലായ ഓഹരി ഇടപാടുകാരന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊലീസ് തകര്‍ത്തു. കടക്കാരില്‍ നിന്ന് രക്ഷപ്പെടാനാണ് 24കാരന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
രാജ്‌ക്കോട്ടിലാണ് സംഭവം. കടം പെരുകിയതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. ഡിസംബര്‍ 30 മുതല്‍ കരണ്‍ ഗോഗ്രയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
ഗോഗ്രയെ കത്തി കൊണ്ട് കുത്തിയ ശേഷം കാറില്‍ നിര്‍ബന്ധിച്ച് കയറ്റി കൊണ്ടുപോയി എന്നതാണ് പരാതി. തുടര്‍ന്ന് 24കാരനെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാരെ ആരും വിളിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിഞ്ഞത്.
അന്വേഷണത്തില്‍ ഗോഗ്ര മുംബൈയിലാണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് മുംബൈ പൊലീസിന്റെ സഹായത്തോടെ 24കാരനെ പിടികൂടി ഗുജറാത്തില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി തട്ടിക്കൊണ്ടുപോകല്‍ നാടകം സമ്മതിച്ചു. കടക്കാര്‍ക്ക് പണം തിരികെ നല്‍കുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.