പാകിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നു : കരസേന മേധാവി

ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്
കരസേന മേധാവി എം എം നാരാവ്‌നെ / എഎന്‍ഐ ചിത്രം
കരസേന മേധാവി എം എം നാരാവ്‌നെ / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നതായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും കരസേന മേധാവി പറഞ്ഞു. 

ഭീകരവാദത്തോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നമുക്ക് പുലര്‍ത്താനാവില്ല. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ആ സന്ദേശം നാം അതിര്‍ത്തിക്ക് അപ്പുറത്തേക്ക് നല്‍കിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. 

കഴിഞ്ഞുപോയ വര്‍ഷം കനത്ത വെല്ലുവിളികളുടേതാണ്. വടക്കന്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങളും കോവിഡുമാണ് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. വടക്കന്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മില്‍ സുരക്ഷ വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണ്. 

പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരു ഭാഗത്തു നിന്നും അതിര്‍ത്തികളില്‍  സൈന്യത്തെ പിന്‍വലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

സൈനീക രംഗത്തും സൈനികേതര രംഗത്തും ചൈനയും പാകിസ്ഥാനും സഹകരണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും കരസേന മേധാവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com