'സ്വത്ത് ഭാഗിക്കണമെന്ന് പറഞ്ഞ് നിരന്തരം ശല്യം, അമ്മയെ പതിവായി തല്ലും'; മകനെ കൊന്ന് തടാകത്തില്‍ തള്ളി, ക്വട്ടേഷന്‍ കൊടുത്ത അച്ഛന്‍ അറസ്റ്റില്‍ 

കര്‍ണാടകയില്‍ മകന്റെ കൊലപാതകത്തില്‍ ബിസിനസുകാരനായ അച്ഛന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ മകന്റെ കൊലപാതകത്തില്‍ ബിസിനസുകാരനായ അച്ഛന്‍ അറസ്റ്റില്‍. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊല്ലാന്‍ അച്ഛന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജനുവരി 12ന് ബംഗളൂരുവിലാണ് സംഭവം. എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗശല്‍ പ്രസാദിന്റെ അച്ഛന്‍ കേശവ പ്രസാദ് അറസ്റ്റിലായത്. കൊലപാതകത്തിന് ക്വട്ടേഷന്‍ ലഭിച്ച നവീന്‍ കുമാര്‍, കേശവ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊന്നതെന്ന് അച്ഛന്‍ കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. സ്വത്തിന്റെ ഒരു ഭാഗം വേണമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ജനുവരി 10ന് ഐടി വിദഗ്ധനായ മകനെ കാണാനില്ല എന്ന് കാണിച്ച് കേശവ പ്രസാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ കൂട്ടുകാരുമൊന്നിച്ച് കാറില്‍ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു. മകന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഇളയ സഹോദരന് ഫോണ്‍ കൈമാറിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൗശല്‍ അവാസനമായി വെളുത്ത മാരുതി സെന്‍ കാറില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ക്വട്ടേഷന്‍ ലഭിച്ചവരിലേക്ക് എത്തിയത്. കൂടാതെ കൗശല്‍ മരിച്ചുകിടന്നിരുന്ന എലിമല്ലപ്പ തടാകം ലക്ഷ്യമാക്കി കാര്‍ പോയതായി വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. 

മകനെ കൊല്ലാന്‍ കേശവ പ്രസാദ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്തതായി പ്രതികളായ നവീന്‍ കുമാറും മൊഴി നല്‍കി. മുന്‍കൂറായി ഒരു ലക്ഷം രൂപ നല്‍കി. തുടര്‍ന്ന് അച്ഛനെയും ചോദ്യം ചെയ്തപ്പോഴാണ് കേസ് തെളിഞ്ഞത്. സ്വത്തിന് വേണ്ടി വഴക്കു കൂടുന്നതിന് പുറമേ അമ്മയെ പതിവായി തല്ലാറുണ്ടെന്നും അച്ഛന്‍ പൊലീസിന് മൊഴി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com