വിമാനയാത്രക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരി മരിച്ചു

വിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ:  വിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ശാരിരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആയുഷിയാണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി ഗോ എയര്‍ വിമാനത്തില്‍ ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. വിമാനം ഉയരത്തില്‍ പറക്കുന്നതിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

രക്തകുറവിന്റെ പ്രശ്‌നം കുട്ടി നേരിട്ടിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നില്ല. 10 ഗ്രാമില്‍ താഴെയാണ് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് എങ്കില്‍ വിമാന യാത്ര അനുവദിക്കരുതെന്നാണ് വ്യവസ്ഥ. ആയുഷിയുടെ ഹീമോഗ്ലോബിന്‍ അളവ് 2.5 ഗ്രാമില്‍ താഴെയാണ്.മരണ കാരണം കൃത്യമായി അറിയുന്നതിന് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉയരത്തില്‍ വിമാനം പറക്കുമ്പോള്‍ ഓക്‌സിജന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാറുണ്ട്. യാത്ര ആരംഭിച്ചത് മുതല്‍ തന്നെ ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി കുട്ടി പരാതിപ്പെട്ടിരുന്നു. കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിട്ട് പോലും ആരോഗ്യവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അച്ഛന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ ആരോപിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് മുംബൈയിലേക്ക് വിമാനം കയറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com