മകനെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണം, അജ്ഞാത കോള്‍; കാമുകിയുടെ അച്ഛനെ കുടുക്കാന്‍ 'ബന്ദിനാടകം' ; പൊളിച്ചടുക്കി പൊലീസ്

സംഗീതം പഠിക്കാന്‍ പോകുന്നു എന്നു പറഞ്ഞാണ് ജനുവരി 23 ന് ജിതേന്ദ്ര വീട്ടില്‍ നിന്നും പോകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ : കാമുകിയുടെ പിതാവിനെ കുടുക്കാന്‍ സ്വയം ബന്ദി നാടകം കളിച്ച യുവാവ് പിടിയിലായി. യുപി സ്വദേശിയായ ജിതേന്ദ്രകുമാര്‍ എന്ന 20 കാരനാണ് പൊലീസ് പിടിയിലായത്. ബന്ദി നാടകത്തിന് കൂട്ടുനിന്ന സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. 

യുപിയിടെ അമേഠി ജില്ലക്കാരനാണ് ജിതേന്ദ്ര കുമാര്‍. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ നെവാഡന്‍പൂര്‍ ഗ്രാമത്തില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. നാട്ടിലെ ചെറിയ പരിപാടികളിലെ ഗായകനായിരുന്നു ജിതേന്ദ്ര. 

വാരാണസിയില്‍ സംഗീതം പഠിക്കാന്‍ പോകുന്നു എന്നു പറഞ്ഞാണ് ജനുവരി 23 ന് ജിതേന്ദ്ര വീട്ടില്‍ നിന്നും പോകുന്നത്. എന്നാല്‍ പിറ്റേദിവസം പിതാവ് സുരേന്ദ്രകുമാറിന് ജിതേന്ദ്രയെ തട്ടിക്കൊണ്ടു പോയതായി അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചു. 10 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാല്‍ മോചിപ്പിക്കാമെന്നും അറിയിച്ചു. 

ആശങ്കയിലായ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച പൊലീസ്, ഫോണ്‍ കോള്‍ വന്നത് ജിതേന്ദ്രയുടെ മൊബൈലില്‍ നിന്നു തന്നെയാണെന്ന് കണ്ടെത്തി. പുലര്‍ച്ചെ രണ്ടു മണിയ്ക്ക് മൊബൈലിലെ സിം മാറ്റിയതായും അന്നു രാവിലെ എട്ടുമണിയ്ക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതെന്നും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. 

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കോള്‍ വിളിച്ച സിം ജിതേന്ദ്രയുടെ സുഹൃത്ത് രവിയുടേതാണെന്ന് കണ്ടെത്തി. പിന്നാലെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ശിവഗാര്‍ഹയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തനിക്ക് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും, എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഈ ബന്ധത്തെ എതിര്‍ക്കുകയാണെന്നും ജിതേന്ദ്ര പൊലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ കാമുകിയുടെ പിതാവിനെ കുടുക്കാനാണ് ബന്ദി നാടകം കളിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com