പതിവുതെറ്റിക്കാതെ യെഡിയൂരപ്പ; നാലാം തവണയും പാതിവഴിയില്‍ പടിയിറക്കം, ഇനിയുമുണ്ടോ തിരിച്ചുവരവ്? 

ബി എസ് യെഡിയൂരപ്പയെ കര്‍ണാടക ബിജെപി പുറന്തള്ളുമ്പോള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയകാലം അവസാനിക്കുകയാണോ എന്ന ചോദ്യം പ്രസക്തം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി എസ് യെഡിയൂരപ്പ/ഫയല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി എസ് യെഡിയൂരപ്പ/ഫയല്‍

നാലു തവണ മുഖ്യമന്ത്രിയായി, നാലുതവണയും ടേം തികയ്ക്കാതെ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകേണ്ടിവരിക, ഒരുകാലത്ത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖമായിരുന്ന ബി എസ് യെഡിയൂരപ്പയെ കര്‍ണാടക ബിജെപി പുറന്തള്ളുമ്പോള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയകാലം അവസാനിക്കുകയാണോ എന്ന ചോദ്യം പ്രസക്തം.

78ആം വയസ്സിലാണ് നിരവധി ചരടുവലികളിലൂടെ നേടിയെടുത്ത മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് യെഡിയൂരപ്പയ്ക്ക് മടങ്ങേണ്ടിവരുന്നത്. സര്‍ക്കാര്‍ ക്ലെര്‍ക്ക്, പിന്നീട് ഹാര്‍ഡ് വെയര്‍ ഷോപ്പുടമ, അവിടെ നിന്ന് കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക്. അതിവേഗമായിരുന്നു യെഡിയൂരപ്പയുടെ രാഷ്ട്രീയ വളര്‍ച്ച. അതേവേഗത്തില്‍ തന്നെയായിരുന്നു വീഴ്ചകളും.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിക്ക് ഭരണം നേടിക്കൊടുക്കുന്നത് യെഡിയൂരപ്പയാണ്. 75വയസ്സിന് മുകളിലുള്ളവരെ ഭരണത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്നും 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുകയാണെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം മുതല്‍ മുഴച്ചുനിന്ന പോരാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാവിന്റെ ഇറങ്ങിപ്പോകലില്‍ കലാശിച്ചത്. 

യെഡിയൂരപ്പയുടെ പ്രവര്‍ത്തന ശൈലിയില്‍ ബിജെപി നേതൃത്വം അസംതൃപ്തരായിരുന്നു. ഇളയമകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുടെ ഭരണത്തിലുള്ള അനാവശ്യ ഇടപെടലുകളും മറ്റു നേതാക്കളെ ചൊടിപ്പിച്ചു. 

കിങ് ടൈഗര്‍ എന്നാണ് അടിയുറച്ച ആര്‍എസ്എസ് സ്വയംസേവകനായ ബിഎസ് യെഡിയൂരപ്പയെ അണികള്‍ വിശേഷിപ്പിക്കുന്നത്. പതിനഞ്ചാം വയസ്സില്‍ സംഘത്തിനൊപ്പം. പിന്നാലെ ജനസംഘില്‍. ജനസംഘം ബിജെപിയായപ്പോള്‍ കൂടെ ബിഎസ്‌വൈയുമെത്തി. ശിക്കാരിപുര പുരസഭ പ്രസിഡന്റായി വിജയിച്ചാണ് തെരഞ്ഞെടുപ്പ് ജീവിതം ആരംഭിക്കുന്നത്. ശിക്കാരിപുര നിയമസഭ മണ്ഡലത്തില്‍ നിന്ന് 1983ല്‍ നിയമസഭയിലെത്തി. 

സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പിലെ ക്ലെര്‍ക്ക് ജോലി വേണ്ടെന്നുവെച്ച് ശിക്കാരിപുരയിലെ ഒരു റൈസ് മില്ലില്‍ ക്ലെര്‍ക്ക് ജോലിക്കെത്തുന്നുണ്ട് അടിയന്തരവാസ്ഥ കാലത്ത് യെഡിയൂരപ്പ. പിന്നാലെ ശിവമോഗയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് തുടങ്ങി. റൈസ് മില്‍ ഉടമയുടെ മകള്‍ മിത്രാദേവിയെ വിവാഹം ചെയ്യുന്നത് 1967ല്‍. രണ്ട് ആണ്‍മക്കളും ഒരു മകളും. മൂത്തമകന്‍ ബി വൈ രാഘവേന്ദ്ര ശിവമോഗയില്‍ നിന്നുള്ള ബിജെപി എംപിയാണ്. 

സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിനിടയില്‍ പ്രബലനാണ്. ഈ വിഭാമാണ് ബിജെപിയുടെ പ്രധാന വോട്ടുബാങ്കും. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ മാസ്സ് നേതാക്കളില്‍ പ്രധാനി. 

2004ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുഖ്യമന്ത്രിയാകാനുള്ള യെഡ്ഡിയുടെ മോഹം, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢ തട്ടിത്തെറിപ്പിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് ജെഡിഎസ് സഖ്യസര്‍ക്കാരുണ്ടാക്കി. 

2006ല്‍ എച്ച്ഡി കുമാരസ്വാമിയെ കൂടെക്കൂട്ടി ധരണ്‍സിങ് സര്‍ക്കാരിനെ വലിച്ചു താഴെയിട്ടു. കുമാരസ്വാമി മുഖ്യമന്ത്രിയും യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായെങ്കിലും കുമാരസ്വാമി പാലം വലിച്ചതോടെ താഴെവീണു. 2008ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും അനധികൃത ഖനന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2011ല്‍ രാജിവക്കേണ്ടിവന്നു. 2008ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി 'ഓപ്പറേഷന്‍ താമര' ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

പുറത്തുപോകലിന് പിന്നാലെ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം, കര്‍ണാടക ജനത പക്ഷയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2013ലെ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ മാത്രം ഒതുങ്ങിയെങ്കിലും ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കെജെപിക്ക് കഴിഞ്ഞു. യെഡിയൂരപ്പയില്ലാതെ ബിജെപിക്കോ, ബിജെപിയില്ലാതെ യെഡിയൂരപ്പയ്‌ക്കോ നിലനില്‍പ്പില്ലെന്ന് മനസ്സിലായപ്പോള്‍, 2014ല്‍ രണ്ടുകൂട്ടരും വീണ്ടും ഒന്നിച്ചു. 

മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകില്‍ 19 സീറ്റ് കിട്ടി. 2016ല്‍ നാല്‍പ്പത് കോടിയുടെ അനധികൃത ഖനന കേസില്‍ സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അതേവര്‍ഷം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി. 

2018ല്‍ മൂന്നാമതും മുഖ്യമന്ത്രിയായെങ്കിലും 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സത്യപ്രതിജ്ഞയ്ക്ക് മൂന്നു ദിവസത്തിന് ശേഷം പുറത്തുപോകേണ്ടവന്നു. 17 കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംല്‍എമാരെ കൂടെക്കൂട്ടി കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയാണ് 2019ല്‍ വീണ്ടും മുഖ്യമന്ത്രിയായത്. രാജിവച്ച എംഎല്‍എമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 12 സീറ്റിലും ബിജെപിക്ക് വിജയം നേടാനായി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28ല്‍ 25 സീറ്റും ബിജെപി നേടി.ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മികച്ച വിജയം പാര്‍ട്ടിക്ക് നേടിക്കൊടുത്തിട്ടും പടലപ്പിണക്കങ്ങള്‍ കാരണം പുറത്തിറങ്ങേണ്ടിവരുമ്പോള്‍, 78-ാം വയസ്സില്‍ പുതിയൊരങ്കത്തിന് കോപ്പുകൂട്ടുന്നുണ്ടാകുമോ യെഡിയൂരപ്പ? വീണിട്ടും എഴുന്നേറ്റു വന്ന ചരിത്രമാണ് യെഡിയൂരപ്പയെന്ന രാഷ്ട്രീയ അതികായന്റേത്. അതിനാല്‍ത്തന്നെ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് എഴുതിത്തള്ളാനുള്ള സമയമായിട്ടില്ലതാനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com