കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്തു; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

കോവിഡ് ബാധിച്ച് മരിച്ച വയോധിക ദമ്പതികളുടെ സ്വത്ത്് തട്ടിയെടുത്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഢൂണ്‍: കോവിഡ് ബാധിച്ച് മരിച്ച വയോധിക ദമ്പതികളുടെ സ്വത്ത്് തട്ടിയെടുത്ത കേസില്‍ ഉത്തരാഖണ്ഡിലെ ബിജെപി വനിതാ നേതാവും മക്കളും അറസ്റ്റില്‍. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലും രണ്ട് ആണ്‍മക്കളും മറ്റൊരാളുമാണ് അറസ്റ്റിലായത്. മരിച്ചവരുടെ ബന്ധുവിന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ക്ലെമന്റ് ടൗണ്‍ പൊലീസ് പറഞ്ഞു.

വയോധിക ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വസ്തുവകകള്‍ റീന ഗോയലും മക്കളും കൈയേറിയത്. ഏപ്രിലിലാണ് വയോധിക ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ സുശീല മിത്തല്‍ മെയ് രണ്ടിനും ഭര്‍ത്താവ് ജൂണ്‍ ആറിനുമാണ് മരിച്ചത്. ഇവരുടെ മകന്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച ദമ്പതിമാരുടെ കുടുംബാംഗങ്ങള്‍ യു.എസിലാണ് താമസം. ഈ സാഹചര്യം മുതലെടുത്താണ് പൂട്ടിക്കിടന്ന വീടും സ്ഥലവും മറ്റും ബലംപ്രയോഗിച്ച് തുറന്ന് പ്രതികള്‍ കൈയേറിയത്.

ദമ്പതിമാരുടെ കുടുംബാംഗമായ സുരേഷ് മഹാജന്‍ എന്നയാള്‍ ഇമെയിലിലൂടെ പരാതി നല്‍കിയപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.

മരിച്ച ദമ്പതികള്‍ ഡി കെ മിത്തലും ഭാര്യ സുശീല മിത്തലും (80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) നഗരത്തിലെ ക്ലെമന്റ് ടൗണ്‍ പ്രദേശത്തെ ഒരു വീട്ടില്‍ താമസിച്ചിരുന്നതായി ഡെറാഡൂണിന്റെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) യോഗേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com