രണ്ടു കാറിനുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ കനാലില്‍ താഴ്ത്തിയ നിലയില്‍; കുഴഞ്ഞ് പൊലീസ്, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 11:17 AM  |  

Last Updated: 23rd June 2021 11:17 AM  |   A+A-   |  

2 decomposed bodies in 2 cars

ഫയല്‍ ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനാലില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ക്രെയിന്‍ ഉപയോഗിച്ച് പൊലീസ് രണ്ടു കാറുകളും പുറത്തെത്തിച്ചു.കനാലിലേക്ക് ഗംഗയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് താത്കാലിമായി നിര്‍ത്തിവെച്ച സമയത്താണ് മൃതദേഹങ്ങള്‍ പൊങ്ങിവന്നത്.

മുസാഫര്‍നഗറിലെ രതന്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആദ്യത്തെ സംഭവം. ഗംഗയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കനാലിലെ ജലനിരപ്പ് താഴ്ന്നു. അതിനിടെ ദുരൂഹസാഹചര്യത്തില്‍ കാര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മൃതദേഹം പിന്നീട് തിരിച്ചറിഞ്ഞു. ഡ്രൈവിങ് ലൈസന്‍സിന്റെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ബഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത് ആദ്യത്തെ സംഭവത്തിന് 55 കിലോമീറ്റര്‍ അകലെയാണ്. സിക്കാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടാമത്തെ കാര്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞു. ഉദയിനെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.