ആരോടും സഖ്യമില്ല; യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 03:31 PM  |  

Last Updated: 27th June 2021 03:38 PM  |   A+A-   |  

mayawati_1

മായാവതി/ ഫയല്‍

 

ലഖ്‌നൗ: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി മേധാവി മായാവതി. ഉത്തര്‍പ്രദേശില്‍ പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം വന്നിരിക്കുന്നത്. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച മായാവതിയുടെ പാര്‍ട്ടിക്ക് 18 സീറ്റാണ് ലഭിച്ചത്. 

ഉത്തര്‍പ്രദേശില്‍ നൂറു സീറ്റില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎംഐഎമ്മുമായി മായാവതി ചര്‍ച്ച നടത്തിയെന്നും അടുത്ത മാസം സഖ്യ പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍. 

അതേസമയം, പഞ്ചാബില്‍ അകാലിദളുമായി സഖ്യമുണ്ടാക്കി എന്ന വാര്‍ത്തയും മായാവതി നിഷേധിച്ചിട്ടുണ്ട്. പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. എന്‍ഡിഎ സഖ്യത്തിലായിരുന്ന അകാലിദള്‍, കഴിഞ്ഞ തെതരഞ്ഞെടുപ്പില്‍ ബിജെപിക്ക് നല്‍കിയ സീറ്റുകള്‍ ഇത്തവണ ബിഎസ്പിക്ക് നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍.