തീരഥ് സിങ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട് നാലിന് 

ബിജെപി എംപി തീരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് നാലുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും
തീരഥ് സിങ് റാവത്ത്
തീരഥ് സിങ് റാവത്ത്

ന്യൂഡല്‍ഹി: ബിജെപി എംപി തീരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് നാലുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരത്ത് സിങ് റാവത്തിനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞ ത്രിവേന്ദ്ര സിംഗ് റാവത്താണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ തീരഥ് സിങ് റാവത്ത് പൗരി ഗാര്‍വാള്‍ മണ്ഡലത്തിലെ എംപിയാണ്. പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചത്.

ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ അഴിമതിക്കേസുകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിലെ വന്‍വീഴ്ചയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 132പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2017ലാണ് റാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ അധികാരമേറ്റത്. 70 അംഗ സഭയില്‍ ബിജെപിക്ക് 57 എംഎല്‍എമാരാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com