കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കണം; ഇതുവരെയുള്ള വിജയം കളഞ്ഞുകുളിക്കരുതെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനം തടയാന്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളാക്കി മാറ്റണം
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുന്നു / എഎന്‍ഐ
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുന്നു / എഎന്‍ഐ

ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ശക്തവും ചടുലവുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കോവിഡ് വ്യാപനം തടയാന്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളാക്കി മാറ്റണം. ഇതില്‍ ഒരു ദാക്ഷിണ്യവും കാണിക്കരുത്. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. ജനങ്ങളെ ചകിതരാക്കാതെ തന്നെ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു. 

ചില സംസ്ഥാനങ്ങളില്‍ കോവിഡ് ടെസ്റ്റുകള്‍ കുറവാണ്. ചിലയിടങ്ങളില്‍ വാക്‌സിനേഷനിലും കുറവുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂടുതല്‍ നടത്തണം. വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാനമുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. നമ്മുടെ ആത്മവിശ്വാസം അമിത വിശ്വാസത്തിലേക്ക് വഴിമാറരുത്. നമ്മുടെ ഇതുവരെയുള്ള വിജയം ശ്രദ്ധക്കുറവിലേക്ക് വഴിമാറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് ബാധിച്ച ഒട്ടുമിക്ക രാജ്യങ്ങളും കൊറോണ വൈറസിന്റെ പുതിയ തരംഗത്തെ നേരിടുകയാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കോവിഡ് രോഗവ്യാപനം കൂടുകയാണ്. മുഖ്യമന്ത്രിമാര്‍ ഇതില്‍ ആശങ്ക രേഖപ്പെടുത്തുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ഇതനുസരിച്ച് രോഗബാധിതരുടെ എണ്ണവും കൂടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ആന്ധ്രയിലും തെലങ്കാനയിലും 10 ശതമാനം വാക്‌സിനുകള്‍ പാഴായിപ്പോയി. യുപിയിലും സമാന തോതില്‍ വാക്‌സിന്‍ പാഴായി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.  എല്ലാ വൈകുന്നേരവും ശക്തമായ നിരീക്ഷണം നടത്തുകയും വാക്‌സിന്‍ പാഴാകുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com