തെറ്റായ നിഗമനം ഇന്ത്യയെ കുഴപ്പത്തിലാക്കി; കാര്യങ്ങളെ ഒരിക്കലും കുറച്ചുകാണരുത്: ആന്തണി ഫൗചി

കോവിഡിനെ അതിജീവിച്ചെന്ന ഈ നിഗമനമാണ് ഇപ്പോഴത്തെ ദുരവസ്ഥയില്‍ എത്തിച്ചത്. അവര്‍ അടച്ചുപൂട്ടലെല്ലാം അവസാനിപ്പിച്ച് രാജ്യം തുറന്നിടുകയായിരുന്നു
ഡല്‍ഹിയിലെ ശ്മശാനത്തില്‍നിന്നുള്ള കാഴ്ച/പിടിഐ
ഡല്‍ഹിയിലെ ശ്മശാനത്തില്‍നിന്നുള്ള കാഴ്ച/പിടിഐ


വാഷിങ്ടണ്‍: കോവിഡ് മഹാമാരിയെ അതീജീവിച്ചെന്ന തെറ്റായ അനുമാനമാണ് ഇന്ത്യയെ ഇപ്പോഴത്തെ ദുരിതാവസ്ഥയില്‍ എത്തിച്ചതെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധനും ബൈഡന്‍ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേശകനുമായ ഡോ. ആന്തണി ഫൗചി. തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം 'തുറന്നിടുക'യായിരുന്നെന്ന് ഫൗചി സെറ്റ് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞു.

''ഇന്ത്യയില്‍ കോവിഡിന്റെ ആദ്യ തരംഗം അവസാനിച്ചപ്പോള്‍ അവര്‍ തെറ്റായ നിഗമനത്തിലെത്തി. കോവിഡിനെ അതിജീവിച്ചെന്ന ഈ നിഗമനമാണ് ഇപ്പോഴത്തെ ദുരവസ്ഥയില്‍ എത്തിച്ചത്. അവര്‍ അടച്ചുപൂട്ടലെല്ലാം അവസാനിപ്പിച്ച് രാജ്യം തുറന്നിടുകയായിരുന്നു. ഇപ്പോള്‍ അതു ദുരന്തമായി മാറി''- ഫൗചി പറഞ്ഞു. 

കാര്യങ്ങളെ ഒരിക്കലും കുറച്ചുകാണരുതെന്നാണ് ഏറ്റവും പ്രധാനം. പ്രാദേശിക തലത്തില്‍ തന്നെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഉണ്ടായിരിക്കുക എന്നത് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണ്. കോവിഡിനെതിരെ മാത്രമല്ല, ഭാവിയില്‍ വരാനിരിക്കുന്ന മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ഇതു നമ്മെ സജ്ജരാക്കും- ഫൗചി പറഞ്ഞു.

ലോകത്ത് എല്ലായിടത്തും അവസാനിക്കാതെ യുഎസില്‍ മഹാമാരിയെ ഇല്ലാതാക്കിയെന്നു പറയാനാവില്ലെന്ന് സെനറ്റ് സമിതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്ഥിതി വേദനാജനകമാണ്. വീണ്ടും ലോകാരോഗ്യ സംഘടനയുടെ ഭാഗമായി മഹാമാരിക്കെതിരായ പോരാട്ടത്തെ നയിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം സന്തോഷകരമാണെന്ന് സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി അമേരിക്കയ്ക്കു പാഠമാണെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇത് എടുത്തു പറയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com