വന്നില്ല, ഒരാളു പോലും; ഏകയായി ഭര്‍ത്താവിന്റെ ചിതയ്ക്കു തീകൊളുത്തി യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2021 12:11 PM  |  

Last Updated: 17th May 2021 12:11 PM  |   A+A-   |  

covid fear

പ്രതീകാത്മക ചിത്രം

 

പറ്റ്‌ന: കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്‌കരിക്കാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്‌കരിച്ച് നാല്‍പ്പതുകാരി. ബിഹാറിലെ ദര്‍ബംഗ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

45കാരനായ ഹരികാന്ത് റായാണ് കോവിഡ് ബാധിച്ച മരിച്ചത്. കാന്‍പൂര്‍ സ്വദേശിയായ ഇയാള്‍ക്ക് ഗ്രാമത്തിലെ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വൈറസ് ബാധ  സ്ഥിരീകരിച്ചത്. കടുത്തപനിയെ തുടര്‍ന്ന് ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ദര്‍ബംഗയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച ഇയാള്‍ മരിച്ചു. 

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ യുവതി ബന്ധുക്കളുടെ സഹായം തേടി. എന്നാല്‍ വൈറസ് ബാധ ഭയന്ന് ആരും സഹായത്തിനെത്തിയില്ല. പതിനെട്ട് മണിക്കൂര്‍ നേരമാണ് ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്്. ഒടുവില്‍ യുവതി തന്നെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 

യുവതിയുടെ അവസ്ഥ മനസിലാക്കിയ കബീര്‍ സേവ സന്‍സ്ഥാന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയതു. പിപിഇ കിറ്റ് ധരിച്ച് സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.