'അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണം'; യുഎന്‍ യോഗത്തില്‍ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കടുത്ത നടപടികള്‍ ഇന്ത്യ തുടരുമെന്നും കാജല്‍ ഭട്ട് പറഞ്ഞു 
യു എൻ യോ​ഗത്തിൽ ഡോ. കാജൽ ഭട്ട് സംസാരിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്
യു എൻ യോ​ഗത്തിൽ ഡോ. കാജൽ ഭട്ട് സംസാരിക്കുന്നു/ വീഡിയോ ദൃശ്യത്തിൽ നിന്ന്

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കടുത്ത നിര്‍ണായക നടപടികള്‍ ഇന്ത്യ തുടരുമെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് യുഎന്‍ സുരക്ഷാസമിതിയില്‍ പറഞ്ഞു. 

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തിയായി എതിര്‍ക്കും. എല്ലാ രാജ്യങ്ങളുമായും നല്ല അയല്‍പക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ചര്‍ച്ച സമാധാന പൂര്‍ണമായ സാഹചര്യത്തില്‍ മാത്രമാണ് നടക്കുക. അതിന് തീവ്രവാദ പ്രവര്‍ത്തനം ഇല്ലാതാകണം. ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയൊന്നുമില്ലാത്ത അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്കുള്ള അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും കാജല്‍ ഭട്ട് പറഞ്ഞു. 

മുന്‍പും ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്തതുമായ ഭാഗങ്ങളാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരും ലഡാക്കും. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണിത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളില്‍നിന്ന് അടിയന്തരമായി ഒഴിയണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയാണെന്ന് ഡോ. കാജല്‍ പറഞ്ഞു. കൗൺസിൽ ഓപ്പൺ ഡിബേറ്റിൽ പാക് പ്രതിനിധിയുടെ കശ്മീർ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. 

ഇന്ത്യയ്‌ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേലയ്ക്കായി യുഎൻ വേദികള്‍ പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു. ഇന്ത്യക്കെതിരെ തെറ്റായ പ്രചരണം നടത്താന്‍ ഇതാദ്യമായല്ല പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയുടെ വേദികള്‍ ഉപയോഗിക്കുന്നത്. പാകിസ്ഥാന്റെ ദുരവസ്ഥയില്‍നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നിഷ്ഫല ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നത്.   ഭീകരര്‍ക്ക് അഭയവും പിന്തുണയും സഹായവും നല്‍കുന്നതിലുള്ള പാകിസ്താന്റെ ചരിത്രം യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് അറിവുള്ളതാണെന്നും ഇന്ത്യൻ പ്രതിനിധി പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com