വിവാഹേതരബന്ധത്തിന്റെ പേരില്‍ സ്ഥിരമായി വഴക്ക്, വീടിന്റെ മുന്‍വാതില്‍ പൂട്ടി താക്കോല്‍ കൈമാറി; ഭാര്യയെ ക്വട്ടേഷന്‍ സംഘം കുത്തിക്കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍ 

വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്. ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ 17 തവണയാണ് ക്വട്ടേഷന്‍ സംഘം മാരകായുധം ഉപയോഗിച്ച് കുത്തിയതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലാണ് സംഭവം. റീനയെ കൊല്ലാനാണ് ഭര്‍ത്താവ് നവീന്‍ ക്വട്ടേഷന്‍ കൊടുത്തത്. നവീന്റെ വിവാഹേതര ബന്ധത്തെ കുറിച്ച് റീന അറിഞ്ഞിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. നവീന്‍ എവിടെ പോകുന്നു എന്ന് അറിയാന്‍ റീന സ്ഥിരമായി വീഡിയോ കോള്‍ ചെയ്യുമായിരുന്നു. തുടര്‍ന്ന് റീനയെ ഇല്ലായ്മ ചെയ്യാന്‍ നവീന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞദിവസം ഹോമിയോ ഡോക്ടറെ കാണാന്‍ എന്ന പേരില്‍ മകനൊപ്പം നവീന്‍ വീടിന് വെളിയില്‍ ഇറങ്ങി. ഡോക്ടറെ കണ്ട ശേഷം ഷോപ്പിങ്ങിനായി കടയില്‍ കയറി. ഓഫീസില്‍ പോകുന്നതിന് മുന്‍പ് മകനെ ബാര്‍ബര്‍ ഷോപ്പില്‍ ഇറക്കി. തുടര്‍ന്ന് തന്റെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാരെ വിളിച്ച് മുടിവെട്ട് കഴിഞ്ഞ ശേഷം മകനെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് മകനൊപ്പം വീട്ടിലേക്ക് പോയ ജീവനക്കാരാണ് ഭാര്യ മരിച്ചു കിടക്കുന്നത് കണ്ടത്. 

ഉടന്‍ തന്നെ സ്ഥലത്തെത്തിയ നവീന്‍, ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റീനയുടെ മരണത്തിന് പിന്നില്‍ നവീന്‍ ആണ് എന്ന്് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. 

സിസിടിവിയില്‍ പട്ടാപ്പകല്‍ രണ്ടുപേര്‍ വീട്ടില്‍ കയറി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഭര്‍ത്താവിനെ സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭാര്യയെ നവീന്‍ തുടര്‍ച്ചയായി വിളിച്ചിരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഇരുവരും കലഹിച്ചിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

ഭാര്യയെ കൊല്ലാന്‍ അഞ്ചുലക്ഷം രൂപയാണ് ക്വട്ടേഷന്‍ നല്‍കിയത്. വീടിന്റെ മുന്നിലെ വാതില്‍ പൂട്ടി താക്കോല്‍ ക്വട്ടേഷന്‍ സംഘത്തിന് കൈമാറി. അവര്‍ വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് നവീന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com