പൊരിഞ്ഞ അടി, കസേര ഏറ്; സംസ്ഥാന അധ്യക്ഷൻ നോക്കി നിൽക്കെ ബിജെപി യോ​ഗത്തിൽ പ്രവർത്തകരുടെ കൈയാങ്കളി

പൊരിഞ്ഞ അടി, കസേര ഏറ്; സംസ്ഥാന അധ്യക്ഷൻ നോക്കി നിൽക്കെ ബിജെപി യോ​ഗത്തിൽ പ്രവർത്തകരുടെ കൈയാങ്കളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊൽക്കത്ത: ബിജെപി യോ​ഗത്തിൽ പ്രവർത്തകരുടെ കൈയാങ്കളി. ബം​ഗാൾ ബിജെപിയിലാണ് യോ​ഗത്തിനെത്തിയ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. സംസ്ഥാന നേതാക്കൾ നോക്കി നിൽക്കെയായിരുന്നു ഇവരുടെ കൂട്ടയടി. 

രണ്ട് ചേരിയായി തിരിഞ്ഞ പ്രവർത്തകർ അടിക്കുകയും ഇടിക്കുകയും കസേര കൊണ്ട് പരസ്പരം എറിയുകയും ചെയ്തു. പശ്ചം ബർധമാനിലെ കട്ട്വയിലായിരുന്നു സംസ്ഥാന അധ്യക്ഷൻ സുഗന്ധ മജുംദാറും മുതിർന്ന നേതാവ് ദിലിപ് ഘോഷും നോക്കി നിൽക്കെ കൈയാങ്കളി നടന്നത്. 

യോഗത്തിനിടെ ഒരു വിഭാഗം മുൻ പ്രസിഡന്റ് ദിലിപ് ഘോഷിനെതിരെ രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും മുൻ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. മാധ്യമങ്ങൾക്ക് മുന്നിലും ഒരു വിഭാഗം പ്രതിഷേധം തുടർന്നതോടെ മറു വിഭാഗവും രംഗത്തെത്തി. തുടർന്നായിരുന്നു കൈയാങ്കളി. ജില്ലാ നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

പ്രശ്നത്തിന് പിന്നിൽ തൃണമൂൽ ഏജന്റുമാരെന്ന് ആരോപണം

യോഗത്തിലേക്ക് തൃണമൂൽ നേതാക്കൾ അണികളെ പറഞ്ഞുവിട്ടെന്ന് മജുംദാർ ആരോപിച്ചു. സംഭവം പൊലിപ്പിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്‌നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴിൽ പാർട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും ബിജെപി നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളുടെ ആരോപണം ടിഎംസി നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തമ്മിൽ തല്ലിയതെന്നും തങ്ങൾക്ക് പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ബിജെപിയിൽ നിന്ന് പ്രവർത്തകരും പ്രാദേശിക നേതാക്കളും തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുന്നത് തുടരുന്നതനിടെയാണ് പുതിയ സംഭവം. നേരത്തെ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, മുകുൾ റോയ് അടക്കമുള്ളവർ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com