മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം :  ഒരാൾ അറസ്റ്റില്‍; പിടിയിലായത് അടുത്ത അനുയായി

മരിച്ച മഹന്ത് നരേന്ദ്രഗിരിയുടെ ഒരു വീഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്
മഹന്ത് നരേന്ദ്രഗിരി / എഎന്‍ഐ ചിത്രം
മഹന്ത് നരേന്ദ്രഗിരി / എഎന്‍ഐ ചിത്രം

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടുത്ത ശിഷ്യന്‍ അറസ്റ്റില്‍. നരേന്ദ്രഗിരിയുടെ അടുത്ത അനുയായി ആനന്ദ് ​ഗിരിയാണ് അറസ്റ്റിലായത്. 

നരേന്ദ്രഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്ഥിരീകരിച്ചു. നരേന്ദ്രഗിരിയെ സീലിങ്ങില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ ശിഷ്യര്‍ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ പി സിങ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ആനന്ദ് ഗിരിയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ആനന്ദ് ഗിരിക്ക് പുറമെ, ആധ്യായ് തിവാരി, മകന്‍ സന്ദീപ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആധ്യായ് തിവാരി പ്രയാഗ് രാജിലെ ബാന്ദ്വ ഹനുമാന്‍ ക്ഷേത്രത്തിലെ പുരോഹിതനാണ്. 

സ്വാമിയുടേതായി കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ആധ്യായ് തിവാരിയുടെ പേര് പരാമര്‍ശിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. മരിച്ച മഹന്ത് നരേന്ദ്രഗിരിയുടെ ഒരു വീഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇതും പൊലീസ് പരിശോധിച്ചു വരികയാണ്. 

കഴിഞ്ഞമെയ് മാസം വരെ മഹന്ത് നരേന്ദ്രഗിരിയുടെ അടുത്ത അനുയായിയായിരുന്നു ആനന്ദ് ഗിരി. സാമ്പത്തിക ക്രമക്കേടും തട്ടിപ്പും കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ആനന്ദ് ഗിരിയെ പുരോഹിതസംഘത്തില്‍ നിന്നും ആനന്ദഗിരിയെ പുറത്താക്കുകയായിരുന്നു. പിന്നീട് ക്ഷമ ചോദിച്ച് ആനന്ദ് ഗിരി മഹന്ത് നരേന്ദ്രഗിരിയെ സമീപിച്ചിരുന്നു. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും പ്രഭാഷണത്തിന് മഹന്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ശിഷ്യര്‍ നോക്കിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വീളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് നരേന്ദ്രഗിരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com