വൃക്ക വിറ്റാല്‍ മൂന്ന് കോടി തരാമെന്ന് വാഗ്ദാനം; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ 16 ലക്ഷം നഷ്ടമായി, തട്ടിപ്പ് ഇങ്ങനെ

 പണത്തിനായി സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി 16 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്:  പണത്തിനായി സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി 16 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായതായി പരാതി. അച്ഛന്‍ അറിയാതെ, അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടി രണ്ടുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഇക്കാര്യം അച്ഛന്‍ ചോദിച്ചതോടെ, പണത്തിനായുള്ള നെട്ടോട്ടത്തിനിടയിലാണ് വിദ്യാര്‍ഥിനിയുടെ 16ലക്ഷം രൂപ നഷ്ടമായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദില്‍ നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്.  ഗുണ്ടൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. അച്ഛന് തിരികെ നല്‍കുന്നതിന് പണം തേടിയുള്ള അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടി തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. വൃക്ക വിറ്റ് പണം കണ്ടെത്താനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. വൃക്ക നല്‍കിയാല്‍ മൂന്ന് കോടി രൂപ നല്‍കാമെന്നാണ് പെണ്‍കുട്ടിക്ക് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തതെന്ന് പൊലീസ് പറയുന്നു.

പൊലീസ് വെരിഫിക്കേഷനും നികുതി അടയ്ക്കുന്നതിനുമായി 16 ലക്ഷം രൂപ കൈമാറണമെന്ന്് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ വഴി പ്രവീണ്‍ രാജ് എന്നയാളെയാണ് പരിചയപ്പെട്ടത് എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വൃക്ക നല്‍കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുന്‍പ് വാഗ്ദാനം ചെയ്ത മൂന്ന് കോടിയുടെ 50 ശതമാനം നല്‍കാമെന്ന് പ്രവീണ്‍ രാജ് പറഞ്ഞു. ബാക്കി പണം ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ വിശ്വസിപ്പിക്കാന്‍ ചെന്നൈ സിറ്റി ബാങ്കില്‍ അക്കൗണ്ട് തുറന്ന് മൂന്ന് കോടി രൂപ കൈമാറിയതായി തട്ടിപ്പുകാര്‍ പറഞ്ഞു. പിന്നാലെ വെരിഫിക്കേഷന്‍ ചാര്‍ജ് ഇനത്തില്‍ 16 ലക്ഷം രൂപ കൈമാറാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. കൈമാറിയ 16 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ ഡല്‍ഹിയില്‍ വന്ന് പണം കൈപ്പറ്റാന്‍ അവര്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലെ മേല്‍വിലാസം വ്യാജമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

തന്റെ എടിഎം കാര്‍ഡുകളില്‍ ഒന്നാണ് മകള്‍ക്ക് നല്‍കിയിരുന്നതെന്ന് അച്ഛന്‍ പറയുന്നു. അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ പിന്‍വലിച്ചതായി അറിഞ്ഞതോടെ, ഇക്കാര്യം മകളോട് ചോദിച്ചു. കൂടാതെ വീട്ടില്‍ വരാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കോളജ് ഹോസ്റ്റല്‍ വിട്ടു ഇറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com