'ബിജെപിക്കാരുടെ നായ പോലും.....'; ഖാര്‍ഗെയുടെ പ്രസംഗം വിവാദത്തില്‍; മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി; രാജ്യസഭയില്‍ ബഹളം

കോണ്‍ഗ്രസ് പ്രസിഡന്റിന് ഇത്രമാത്രം തരംതാഴാന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്. രാജസ്ഥാനിലെ ആല്‍വാറില്‍ റാലിയില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബിജെപിയുടെ പ്രതിഷേധം. ബിജെപിക്കെതിരായ വിവാദ പ്രസംഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.

ഭാരത് ജോഡോയാത്രയുടെ ഭാഗമായി ആല്‍വാറില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപി വിരുദ്ധ പരാമര്‍ശം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസുകാര്‍ ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ബിജെപി എന്തു ചെയ്തു. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവന്‍ കളഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു. 

അതിര്‍ത്തി ലംഘിച്ച് ചൈന നടത്തുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയെയും ഖാര്‍ഗെ കുറ്റപ്പെടുത്തി. പുറത്ത് സിംഹത്തെപ്പോലെ അലറുന്നവര്‍, രാജ്യത്തിനകത്ത് എലിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മോദിയെ പരോക്ഷമായി ലക്ഷ്യമിട്ട് ഖാര്‍ഗെ പറഞ്ഞു. തങ്ങളാണ് ദേശസ്‌നേഹികളെന്നാണ് ബിജെപിക്കാര്‍ അവകാശപ്പെടുന്നത്. എന്തെങ്കിലും വിമര്‍ശിച്ചാല്‍ അവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുകയാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആല്‍വാറിലെ പ്രസംഗം രാജ്യസഭയില്‍ ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന സഭ്യമല്ലാത്തതാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മോശമായ പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. അടിസ്ഥാന രഹിതവും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ലക്ഷ്യമിട്ടു നടത്തിയ പ്രസ്താവനയില്‍ ഖാര്‍ഗെ മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. ഖാര്‍ഗെയുടെ പ്രസ്താവനയെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും പ്രള്‍ഹാദ് ജോഷിയും വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിന് ഇത്രമാത്രം തരംതാഴാന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com