കോവിഡ് പോസിറ്റീവാണെന്നറിയിച്ചു; കൂടുതല്‍ പരിശോധനയ്ക്കായി യുവതിയുടെ സ്വകാര്യഭാഗത്ത് നിന്ന് സ്രവം ശേഖരിച്ചു; ലാബ് ടെകനീഷ്യന് പത്തുവര്‍ഷം തടവ്

കൂടുതല്‍ പരിശോധന നടത്താന്‍ ലാബില്‍ വരാന്‍ ആവശ്യപ്പെട്ടു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് പരിശോധനയ്‌ക്കെന്ന വ്യാജേനെ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷ്യന് 10 വര്‍ഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 

കേസില്‍ 12 സാക്ഷികളെയും വിസ്തരിച്ചു. യുവതിയുടെ പരാതിയില്‍ 2020 ജൂലായ് 30നാണ് ലാബ് ടെക്‌നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. 
അമരാവതിയിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരിയാണ് യുവതി. മാളിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ മറ്റുള്ളവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും മറ്റുള്ളവരും ബദ്‌നേറയിലെ ട്രോമകെയര്‍ സെന്ററിലെത്തി പരിശോധന നടത്തി. ഈ പരിശോധനയ്ക്ക് ശേഷം ലാബ് ടെക്‌നീഷ്യന്‍ യുവതിയെ വീണ്ടും ഫോണില്‍ വിളിക്കുകയും പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. കൂടുതല്‍ പരിശോധന നടത്താന്‍ ലാബില്‍ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലാബില്‍ എത്തിയപ്പോഴാണ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കണമെന്ന് ലാബ് ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ടത്. 

സംഭവത്തിനുശേഷം വീട്ടിലെത്തിയ യുവതി സംശയം തോന്നി ഇക്കാര്യം സഹോദരനോട് വെളിപ്പെടുത്തി. ഇദ്ദേഹം ഒരു ഡോക്ടറോട് സംസാരിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് സ്വകാര്യഭാഗങ്ങളില്‍നിന്ന് സ്രവം ശേഖരിക്കില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com